മുതിർന്നവർക്ക് നിരക്കിളവോടെ ഓല

മുതിർന്ന പൗരൻമാർക്ക് യാത്രക്കൂലി ഇളവ് നൽകുന്ന പദ്ധതി ആപ്ലിക്കേഷൻ അധിഷ്ഠിത കാബ് ഓപ്പറേറ്റർമാരായ ഓല വിപുലീകരിക്കുന്നു. നാഗ്പൂർ, അഹമ്മദബാദ്, ഇൻഡോർ, ഭോപാൽ നഗരങ്ങളിലേക്കാണ് ഓല ‘സീനിയർ സിറ്റിസൻ മൊബിലിറ്റി പ്രോഗ്രാം’ വ്യാപിപ്പിച്ചത്. മുംബൈയിലും പുണെയിലുമായിരുന്നു കമ്പനി ഈ പദ്ധതി ആദ്യം അവതരിപ്പിച്ചത്. 

അറുപതു പിന്നിട്ട മുതിർന്ന പൗരൻമാരുടെ യാത്ര ആദായകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓല കാബ്സ് ‘സീനിയർ സിറ്റിസൻ മൊബിലിറ്റി പ്രോഗ്രാം’ ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയിൽ ചേരുന്ന മുതിർന്ന പൗരന്മാരാക്ക് മാസം തോറും ആദ്യത്തെ 10 യാത്രയ്ക്ക് നിരക്കിൽ 20% ഇളവ് ലഭിക്കും. കൂടാതെ ഓല ഓട്ടോറിക്ഷകളുടെ നിരക്കിൽ പ്രതിമാസം 15 യാത്രയ്ക്ക് 15% നിരക്ക് ഇളവും വാഗ്ദാനമുണ്ട്. 

എല്ലാവർക്കും സൗകര്യപ്രദവും പ്രതിബന്ധങ്ങളില്ലാത്തുമായ യാത്ര ഉറപ്പാക്കാനാണ് ഓല ശ്രമിക്കുന്നതെന്ന് കമ്പനിയുടെ അസോസിയറ്റ് ഡയറക്ടർ (ഓപ്പറേഷൻസ്) കിരൺ ബ്രഹ്മ അഭിപ്രായപ്പെട്ടു. രാജ്യത്തിനു വിലപ്പെട്ട സംഭാവന നൽകി വിരമിച്ചവരാണു മുതിർന്ന പൗരന്മാർ; അത്തരക്കാർക്ക് ഓലയുടെ സേവനം ആകർഷകമാക്കുകയാണ് ‘സീനിയർ സിറ്റിസൻ മൊബിലിറ്റി പ്രോഗ്രാം’ വഴി കമ്പനി ലക്ഷ്യമിടുന്നത്. പരസഹായം കൂടാതെ യാത്രകൾ പൂർത്തിയാക്കാൻ ഇത്തരക്കാരെ സഹായിക്കാനും കമ്പനി ആഗ്രഹിക്കുന്നതായി ബ്രഹ്മ വിശദീകരിച്ചു.

‘സീനിയർ സിറ്റിസൻ മൊബിലിറ്റി പ്രോഗ്രാം’ പ്രകാരമുള്ള ഇളവിനായി 60നു മുകളിൽ പ്രായമുള്ളവർ ഓല കാബ്സ് വെബ്സൈറ്റിലെ പ്രത്യേക ലിങ്കിൽ റജിസ്റ്റർ ചെയ്യണം. ഒപ്പം തിരിച്ചറിയൽ, വയസ് തെളിയിക്കുന്ന രേഖകളും നൽകണം. ഇവ പരിശോധിച്ച് 96 മണിക്കൂറിനകം ഓല കാബ്സ് സ്ഥിരീകരണം നൽകും. ഇതോടെ മുതിർന്ന പൗരന്മാരാക്ക് നിരക്കിളവോടെ ഓല കാബിൽ യാത്ര ചെയ്യാം. 

Fasttrack  Auto News