മലയാള സിനിമയിലെ ഒട്ടുമിക്ക യുവതാരങ്ങളും വാഹന പ്രേമികളാണ്. യുവതാരം ആസിഫ് അലിയും ഒട്ടും പുറകിലല്ല. ആദ്യ കാറായ ഫിയറ്റ് പുന്തോയിലെ കന്നിയാത്ര ഹൈദ്രബാദ് വരെ നീണ്ട കഥ നാം വായിച്ചറിഞ്ഞിട്ടുണ്ട്, തിരികെ വീട്ടിലെത്തിയപ്പോഴേക്കും പുന്തോയുടെ ഓഡോമീറ്ററിലെ സൂചി 5000 കിലോമീറ്റർ പിന്നിട്ടിരുന്നു. പിന്നീട് ബിഎംഡബ്ല്യുവും ഔഡിയുമെല്ലാം ആസിഫിന്റെ ഗ്യാരേജിലെ താരങ്ങളായി. ഇപ്പോഴിതാ കിടിലൻ ലുക്കിൽ മിനികൂപ്പർ എസും എത്തിയിരിക്കുന്നു.
യുവതാരങ്ങളായ ദുൽഖറിനും ഫഹദിനും നിവിനും ശേഷം ആസിഫും മിനി കൂപ്പർ സ്വന്തമാക്കിയിരിക്കുന്നു. മഞ്ഞ നിറത്തിലുള്ള മിനി കൂപ്പറിൽ യുണിയൻ ജാക്കും (ബ്രിട്ടീഷ് ഫ്ലാഗ്) താരം റാപ്പ് ചെയ്തു. ബെംഗളൂരുവിലെ മോട്ടോർമൈന്റ് മോഡിഫിക്കേഷൻ വർക്‌ഷോപ്പിലാണ് താരം തന്റെ മിനി കൂപ്പർ മോഡിഫൈ ചെയ്തിരിക്കുന്നത്. അടുത്തിടെ നിവിൻ പോളി മിനിയുടെ കൂപ്പർ എസ് തന്റെ കുഞ്ഞുമകൾക്കു സമ്മാനമായി നൽകിയിരുന്നു.
ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് കാർ നിർമാതാക്കളായ മിനിയുടെ പ്രശസ്ത മോഡലാണു മിനി കൂപ്പർ എസ്. രണ്ടു ലീറ്റർ പെട്രോൾ എൻജിനാണു വാഹനത്തിനു കരുത്തു പകരുന്നത്. 189 ബിഎച്ച്പി കരുത്തും 1250 ആർപിഎമ്മിൽ 280 എൻഎം ടോർക്ക് നൽകും. 1998 സിസി കപ്പാസിറ്റിയുള്ള ഈ എൻജിന്‍. പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 6.7 സെക്കൻഡുകൾ മാത്രം മതി ഈ കരുത്തന്. ഏകദേശം 31 ലക്ഷം രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില.