മലയാളതാരങ്ങളുടെ സംഘടനയായ അമ്മയുടെ മീറ്റിങ്ങിനെത്തിയ മമ്മൂട്ടിയുടെ വാഹനമാണ് കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ താരം. ഏകദേശം 2.03 കോടി രൂപയാണ് പോർഷെ പനമേര ടര്‍ബോയിൽ എത്തിയ മമ്മൂട്ടി, ആരാധകരുടെ മനം കവരുക തന്നെ ചെയ്തു. ടിഎൻ റജിസ്ട്രേഷനിലുള്ള 369 നമ്പർ പോർഷെ കഴിഞ്ഞ ജനുവരിയിൽ ദുൽഖർ സ്വന്തമാക്കിയതാണ്.
ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ലക്ഷ്വറി സെഡാന്‍ പനമേരയുടെ ടര്‍ബോ മോഡലാണ് അത്. ആഡംബരത്തിനും കരുത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി നിര്‍മിച്ചിരിക്കുന്ന കാറില്‍ 3996 സിസി പെട്രോള്‍ എന്‍ജിനാണ്. 550 പിഎസ് കരുത്തും 770 എന്‍എം ടോര്‍ക്കും നല്‍കും ഈ 4 ലീറ്റര്‍ എന്‍ജിന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 3.9 സെക്കന്റുകള്‍ മാത്രം വേണ്ട ഈ കരുത്തന്റെ കൂടിയ വേഗം മണിക്കൂറില്‍ 306 കിലോമീറ്ററാണ്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രിയ പുത്രന്‍ വാഹനങ്ങളോടുള്ള ഇഷ്ടത്തിലും അഭിനയത്തിലും അച്ഛന്റെ പാത തന്നെയാണ് പിന്തുടരുന്നത്. ബെന്‍സിന്റെ സൂപ്പര്‍കാറായ എസ്എല്‍എസ് എഎംജി, മിനി കൂപ്പര്‍, ബിഎംഡബ്ല്യു എം3, പോളോ ജിടി തുടങ്ങിയ കാറുകളും മോഡിഫൈഡ് ട്രയംഫ് ബോണ്‍വില്ല, ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് തുടങ്ങിയ ബൈക്കുകളുമുണ്ട് ദുല്‍ഖറിന്റെ ഗ്യാരേജിൽ.