ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിന്റെ അടുത്ത സീസണിലും ടീമിനൊപ്പം തുടരാൻ ജർമൻ ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റലിനു ഫെറാരിയുടെ ക്ഷണം. ടീമിനൊപ്പം തുടരുന്നെങ്കിൽ കരാർ എപ്പോൾ ഒപ്പിടാമെന്നു മാത്രം തീരുമാനിച്ചാൽ മതിയെന്നാണ് വെറ്റലിന്റെ കാര്യത്തിൽ ഫെറാരി ചെയർമാൻ സെർജിയൊ മാർക്കിയോണിയുടെ നിലപാട്.
നിലവിൽ ഫോർമുല വൺ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ മുന്നിട്ടു നിൽക്കുന്ന വെറ്റലും ഫെറാരിയുമായുള്ള കരാർ ഇക്കൊല്ലം അവസാനിക്കാനിരിക്കുകയാണ്. എന്നാൽ തുടരാനാണ് വെറ്റൽ ആഗ്രഹിക്കുന്നതെങ്കിൽ കരാർ പുതുക്കുകയെന്ന ഔപചാരികത മാത്രമാണു ബാക്കിയെന്ന് ഓസ്ട്രിയൻ ഗ്രാൻപ്രിക്കു മുമ്പു തന്നെ മാർക്കിയോണി വ്യക്തമാക്കി.
അതേസമയം ചാംപ്യൻഷിപ്പിനായുള്ള പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി കരാർ പുതുക്കൽ ചർച്ചകൾ വൈകിക്കുകയാണെന്നാണു വെറ്റലിന്റെ പക്ഷം. പ്രതിഫലത്തുക, എത്ര വർഷത്തേക്ക് കരാർ ദീർഘിപ്പിക്കണം തുടങ്ങിയവയെപ്പറ്റി വേനൽക്കാലത്തു ചർച്ചയാവാമെന്നും വെറ്റൽ കരുതുന്നു.
സീസണിലെ മത്സരങ്ങൾ പകുതിയിലെത്തിച്ച ഓസ്ട്രിയൻ ഗ്രാൻപ്രി കഴിയുമ്പോൾ നാലു തവണ ഡ്രൈവേഴ്സ് ചാംപ്യൻഷിപ് നേടിയ വെറ്റലിന് പ്രധാന എതിരാളിയും മെഴ്സീഡിസ് ഡ്രൈവറുമായ ലൂയി ഹാമിൽറ്റനെ അപേക്ഷിച്ച് 20 പോയിന്റിന്റെ ലീഡുണ്ട്. റെഡ് ബുൾ റിങ്ങിൽ നടന്ന ഓസ്ട്രിയൻ ഗ്രാൻപ്രിയിൽ ഹാമിൽറ്റന്റെ സഹഡ്രൈവർ വൽത്തേരി ബൊത്താസായിരുന്നു ജേതാവ്; വെറ്റൽ രണ്ടാം സ്ഥാനത്തും.
സീസൺ തുടങ്ങുമ്പോൾ മെഴ്സീഡിസിനുണ്ടായിരുന്ന ആധിപത്യം ഗണ്യമായി വെട്ടിച്ചുരുക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണു ഫെറാരി. ഇതുവരെ അഞ്ചു ഗ്രാൻപ്രി മെഴ്സീഡിസും മൂന്നെണ്ണം ഫെറാരിക്കായി വെറ്റലുമാണു ജയിച്ചത്; നിർമാതാക്കളുടെ ചാംപ്യൻഷിപ്പിലാവട്ടെ ഒന്നാമതുള്ള മെഴ്സീഡിസ് 33 പോയിന്റിനു ഫെറാരിയേക്കാൾ മുന്നിലുമാണ്.
അതിനിടെ വെറ്റൽ ഫെറാരി വിട്ടു മെഴ്സീഡിസിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങളും ഇടയ്ക്കു പ്രചരിച്ചിരുന്നു. പക്ഷേ ഈ സീസൺ കഴിഞ്ഞുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നായിരുന്ന വെറ്റൽ മേയിൽ നൽകിയ മറുപടി. വെറ്റലിനെ വരവേൽക്കാൻ സാധ്യതയില്ലെന്ന് മെഴ്സീഡിസിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ നിക്കി ലൗഡയും വ്യക്തമാക്കി.