ക്ലാസിക് കാർ ലേലത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച് 1962 മോഡൽ ‘ഫെറാരി 250 ജി ടി ഒ’. കലിഫോണിയയിൽ നടന്ന ലേലത്തിൽ 4.84 കോടി ഡോളർ(ഏകദേശം 339.36 കോടി രൂപ) ആണ് അഞ്ചര പതിറ്റാണ്ടിലേറെ പഴക്കമുള്ള കാർ നേടിയത്. ലേലം വഴി ക്ലാസിക് കാറിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്.
ആർ എം സോത്ത്ബീസാണ് ഈ അപൂർവ ‘ഫെറാരി 250 ജി ടി ഒ’ ലേലത്തിനെത്തിച്ചത്; കാറിന് നാലര മുതൽ ആറു കോടി ഡോളർ വരെ വില ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. ലേലത്തിനെത്തുന്ന ക്ലാസിക് കാറിനു നിർണയിക്കുന്ന ഏറ്റവും ഉയർന്ന വിലനിലവാരവുമായിരുന്നു ഇത്. ക്ലാസിക് കാർ ലേലത്തിലെ മുൻറെക്കോഡും ‘ഫെറാരി 250 ജി ടി ഒ’യുടെ പേരിൽ തന്നെയാണ്; 2014ൽ ലേലത്തിനെത്തിയ 1963 മോഡൽ കാർ നേടിയ 3.81 കോടി ഡോളർ(ഇന്നത്തെ നിരക്കിൽ 267.14 കോടി രൂപ) ആയിരുന്നു ഇതുവരെയുള്ള റെക്കോഡ് വില.
മൈക്രോസോഫ്റ്റ് കോർപറേഷനിലെ ആദ്യകാല ജീവനക്കാരനും ന്യൂമെറിക്സ് സോഫ്റ്റ്വെയർ ലിമിറ്റഡ് ചെയർമാനുമായ ഗ്രെഗ് വിറ്റെന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു സോത്ത്ബീസ് ലേലത്തിനു വച്ച 1962 മോഡൽ ‘ഫെറാരി 250 ജി ടി ഒ’. എന്നാൽ എന്തു വിലയ്ക്കാണു വിറ്റെൻ 18 വർഷം മുമ്പ് ഈ കാർ സ്വന്തമാക്കിയതെന്നു വെളിപ്പെടുത്താൻ ലേല സംഘാടകർ തയാറായില്ല. എങ്കിലും 2000 — 2001 കാലഘട്ടത്തിൽ ഇത്തരം കാറുകളുടെ വിപണി വില ഒരു കോടി ഡോളർ ആയിരുന്നെന്നു സോത്ത്ബീസ് സ്ഥിരീകരിക്കുന്നുണ്ട്.
ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെരാരി 1953 മുതൽ 1964 വരെയുള്ള 11 വർഷക്കാലത്താണ് ‘ഫെറാരി 250 ജി ടി ഒ’നിർമിച്ചു വിറ്റത്. പ്രൗഢിയും ആഢ്യത്വവും തുളുമ്പുന്ന, ഇത്തരത്തിലുള്ള വെറും 36 റേസ് കാറുകൾ മാത്രമായിരുന്നു കമ്പനി നിർമിച്ചത്.അതുകൊണ്ടുതന്നെ അടുത്തകാലത്തായി ക്ലാസിക് കാർ ലേലത്തിൽ വൻതാരമൂല്യമാണ് ‘ഫെറാരി 250 ജി ടി ഒ’ കൈവരിക്കുന്നത്. ഈ വർഷം ആദ്യം നടന്ന സ്വകാര്യ ഇടപാടിൽ 1963 മോഡൽ ‘ഫെറാരി 250 ജി ടി ഒ’ വിറ്റുപോയത് ഏഴു കോടി ഡോളർ(ഏകദേശം 490.81 കോടി രൂപ) വിലയ്ക്കായിരുന്നെന്നും സോത്ത്ബീസ് വെളിപ്പെടുത്തുന്നു.