ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിന്റെ 2018 സീസൺ അവസാനിക്കുന്നതോടെ ഫിന്നിഷ് ഡ്രൈവറായ കിമി റൈക്കോണൻ ഇറ്റാലിയൻ ടീമായ ഫെറാരിയോടു വിട പറയുന്നു. 2019ൽ സ്വിസ് ടീമായ സേബറിലേക്കു മടങ്ങാനാണു റൈക്കോണന്റെ തീരുമാനം. രണ്ടു വർഷക്കാലം ടീമിനായി മത്സരിക്കാനാണു സേബറും റൈക്കോണനുമായുള്ള കരാർ. ഇതോടൊപ്പം നിലവിൽ സേബറിനായി മത്സരിക്കുന്ന ചാൾസ് ലെക്ലർക്കാണു റൈക്കോണന്റെ പകരക്കാരനായി ഫെറാരിയിലേക്കു ചേക്കേറുന്നത്. ഫെറാരി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർമാർക്കൊപ്പമാണു ലെക്ലർക്കിനു സ്ഥാനം. ഫെറാരി ഡ്രൈവർ അക്കാദമിയിൽ നിന്നു സീനിയർ ടീമിലെത്തുന്ന ആദ്യ പ്രതിഭയുമാണു ലെക്ലർക്ക്; 2009ലായിരുന്നു ഫെറാരി ഡ്രൈവർ അക്കാദമിയുടെ തുടക്കം.
ഫോർമുല വണ്ണിൽ റൈക്കോണന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കാണ് ഇപ്പോഴത്തെ പ്രഖ്യാപനം വിരാമമിടുന്നത്. മക്ലാരനിൽ നിന്ന് 2007ലായിരുന്നു റൈക്കോണൻ ഫെറാരിയിലെത്തുന്നത്; മക്ലാരനായി മത്സരിച്ച ഫെർണാണ്ടോ അലൊൻസോയും ലൂയിസ് ഹാമിൽറ്റനുമായുള്ള അന്തഃഛിദ്രം മുതലെടുത്ത് ആ സീസണിൽ നേടിയ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പാണു റൈക്കോണന്റെ കായിക ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടവും.
എന്നാൽ 2009 സീസണിൽ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ ആറാമനായതോടെ റൈക്കോണൻ ഫെറാരിയുമായും ഫോർമുല വണ്ണുമായും അകന്നു. തുടർന്നു 2012ൽ ലോട്ടസ് ടീമംഗമായിട്ടായിരുന്നു മടക്കം. അവിശ്വസനീയ പ്രകടനത്തോടെ ലോട്ടസിനായി രണ്ടു മത്സരം ജയിച്ച റൈക്കോണൻ 2014ൽ ഫെറാരിക്കൊപ്പം തിരിച്ചെത്തി. എന്നാൽ ഫോർമുല വണ്ണിലെ ഹൈബ്രിഡ് യുഗത്തിൽ തിളങ്ങാൻ റൈക്കോണനോ ഫെറാരിക്കോ സാധിച്ചില്ല. 2014 സീസണിൽ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ റൈക്കോണൻ 12—ാം സ്ഥാനത്തായിരുന്നു; അരങ്ങേറ്റ സീസണിൽ സേബറിനൊപ്പം നേടിയ 10—ാം സ്ഥാനത്തിനും പിന്നിൽ. എന്നാൽ ശക്തമായി തിരിച്ചെത്തിയ റൈക്കോണൻ ഈ സീസണിൽ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്താണ്.
റൈക്കോണനെ പോലെ അരങ്ങേറ്റ സീസണിൽ സേബറിനായി മികച്ച പ്രകടനം കാഴ്ചവച്ച തിളക്കത്തോടെയാണ് 2017ലെ ഫോർമുല ടു ചാംപ്യനായ ലെക്ലർക്കിന്റെയും വരവ്. ഇക്കൊല്ലം അഞ്ചു ഗ്രാൻപ്രികളിൽ പോയിന്റ് നോടാനും ലെക്ലർക്കിനായി; അസർബൈജാനിലെ ആറാം സ്ഥാനമാണ് ഇതുവരെയുള്ള മികച്ച നേട്ടം. ലെക്ലർക്കിന്റെ പ്രകടനത്തെ അംഗീകരിച്ചവരിൽ നാലു തവണ ലോക ചാംപ്യനായ സെബാസ്റ്റ്യൻ വെറ്റൽ മാത്രമല്ല മെഴ്സീഡിസിന്റെ ചാംപ്യൻ ഡ്രൈവർ ലൂയിസ് ഹാമിൽറ്റനുമുണ്ട്.
പോയിന്റ് നേടാൻ സാധ്യത കൽപ്പിക്കാത്ത കാറിലായിട്ടും ലഭിച്ച അവസരം പ്രയോജനപ്പെടുത്തി നേട്ടം കൊയ്തതാണു ലെക്ലർക്കിന്റെ മികവെന്നു വെറ്റൽ കരുതുന്നു. അതുപോലെ കഴിഞ്ഞ വർഷങ്ങൾക്കിടെ ഫോർമുല വണ്ണിൽ അരങ്ങേറ്റം കുറിച്ചവരിൽ നിന്നു വ്യത്യസ്തമായി ട്രാക്കിൽ നേട്ടം കൊയ്യാൻ സാധ്യതയുള്ള താരമാണു ലെക്ലർക്കെന്നായിരുന്നു ഹാമിൽറ്റന്റെ നിഗമനം.