ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ ഫെറാരിയുടെ ഗ്രാൻഡ് ടൂറിങ് സ്പോർട്സ് കാറായ ‘പോർട്ടോഫിനൊ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ദശാബ്ദത്തോളം പഴക്കമുള്ള ‘കലിഫോണിയ മോഡൽ ടി’യുടെ പിൻഗാമിയായിട്ടാണ് ‘പോർട്ടോഫിനൊ’യുടെ വരവ്. ഫെറാരി ശ്രേണിയിലെ പുതിയ എൻട്രി ലവൽ മോഡലിന് 3.50 കോടി രൂപയാണ് ഇന്ത്യയിലെ ഷോറൂം വില.കമ്പനി വികസിപ്പിച്ച ആധുനിക പ്ലാറ്റ്ഫോം അടിത്തറയാക്കിയാണു ‘പോർട്ടോഫിനൊ’ എത്തുന്നത്; ആധുനിക വസ്തുക്കളും ഭാരം കുറഞ്ഞ ഘടകങ്ങളും ഉപയോഗിച്ചാണു ഫെറാരി പുതിയ കാർ സാക്ഷാത്കരിച്ചിരിക്കുന്നത്. ഇതോടെ മുൻഗാമിയായ ‘കലിഫോണിയ ടി’യെ അപേക്ഷിച്ച് 80 കിലോഗ്രാമോളം ഭാരം കുറവാണു ‘പോർട്ടോഫിനൊ’യ്ക്ക്.
കാഴ്ചയിൽ കൂടുതൽ ആധുനികത തോന്നിപ്പിക്കുംവിധം ഹാർഡ് ടോപ്പോടെ എത്തുന്ന കൺവെർട്ട്ബ്ളിന് കാഴ്ചപ്പകിട്ടുമേറെയാണ്. എങ്കിലും ഫെറാരിയുടെ മുഖമുദ്രയായ ‘ചിരിക്കുന്ന മുഖ’ത്തോടു സാമ്യമുള്ള രൂപകൽപ്പനാ ശൈലിയാണ് ഈ മോഡലിലും കമ്പനി പിന്തുടരുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ പോകുന്നതിനിടെ പ്രവർത്തിപ്പിക്കാവുന്ന വിധത്തിലാണു റിട്രാക്ടബ്ൾ രീതിയിലുള്ള ഹാർഡ് ടോപ്പിന്റെ രൂപകൽപ്പന.
കാറിനു കരുത്തേകുന്നത് ഏറെ അംഗീകാരം നേടിയ 3.9 ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് എൻജിനാണ്; 600 പി എസ് കരുത്തും 760 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എഫ് വണ്ണിൽ നിന്നു കടമെടുത്ത് ഏഴു സ്പീഡ് ഇരട്ട ക്ലച് ട്രാൻസ്മിഷനാണ് കാറിലുള്ളത്. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ കാറിനു വെറും 3.5 സെക്കൻഡ് മതി; മണിക്കൂറിൽ 320 കിലോമീറ്ററോളമാണു ‘പോർട്ടോഫിനൊ’യ്ക്കു ഫെറാരി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം.
ആധുനിക സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പഞ്ഞമില്ലാതെയാണ് ഫെറാരി ‘പോർട്ടോഫിനൊ’യുടെ അകത്തളം സജ്ജമാക്കിയിരിക്കുന്നത്. 10.2 ഇഞ്ച് ടച് സ്ക്രീൻ ഡിസ്പ്ലേ മുതൽ ഇലക്ട്രോണിക്കലി അഡ്ജസ്റ്റബ്ൾ സീറ്റ് വരെ കാറിലുണ്ട്. പോരെങ്കിൽ ഉപയോക്താക്കളുടെ അഭിരുചിക്കനുസൃതമായി നടപ്പാക്കുന്ന ധാരാളം പരിഷ്കാരങ്ങളും ഫെറാരി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ബെന്റ്ലി ‘കോണ്ടിനെന്റൽ ജി ടി’ പോലുള്ള മോഡലുകളോടാണ് ഫെറാരി ‘പോർട്ടോഫിനൊ’യുടെ പോരാട്ടം.