മെയ്ഡ് ഇൻ ഇന്ത്യ ‘റെനേഗേഡ്’ നേപ്പാളിലേക്ക്

ഇന്ത്യയിൽ നിർമിച്ച ‘റെനേഗേഡ്’ ബൈക്കുകളുടെ വിൽപ്പന നേപ്പാളിൽ ആരംഭിച്ചതായി അമേരിക്കൻ ബൈക്ക് നിർമാതാക്കളായ യു എം ലോഹിയ ടു വീലേഴ്സ്. ഉത്തരാഖണ്ഡിലെ കാശിപൂരിലുള്ള ശാലയിൽ നിർമിച്ച ‘റെനെഗേഡ്’, ‘റെനെഗേഡ് സ്പോർട്സ്’ ബൈക്കുകളാണു കമ്പനി നേപ്പാളിലേക്കു കയറ്റുമതി ചെയ്യുന്നത്. യു എസിലെ യു എം ഇന്റർനാഷനൽ എൽ എൽ സിയും ഇന്ത്യയിലെ ലോഹിയ ഓട്ടോ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമാണ് യു എം ലോഹിയ ടു വീലേഴ്സ്.

ഇന്ത്യൻ വിപണിയിൽ കമ്പനിക്കു വിജയം സമ്മാനിച്ച 300 സി സി ബൈക്കുകളായ ‘റെനെഗേഡ് കമാൻഡൊ’, ‘സ്പോർട്സ് എസ്’ മോഡലുകളും നേപ്പാളിൽ വിൽപ്പനയ്ക്കെത്തിക്കാൻ യു എം ലോഹിയ ടു വീലേഴ്സ് ഒരുങ്ങുന്നുണ്ട്. പ്രാദേശിക പങ്കാളിയായ ഐ എം ഇ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണു ബൈക്കുകൾ നേപ്പാളിൽ വിൽപ്പനയ്ക്കെത്തിക്കുന്നതെന്ന് യു എം ഇന്റർനാഷനൽ ഡയറക്ടർ ജോസ് വില്ലേഗസും യു എം എൽ ഡയറക്ടർ ആയുഷ് ലോഹിയയും അറിയിച്ചു. 

പുതിയ എൽ ഇ ഡി ഹെഡ്ലാംപ്, കരുത്തുറ്റ സസ്പെൻഷൻ, പരിഷ്കരിച്ച രൂപകൽപ്പന, മികച്ച സുരക്ഷ, കിടയറ്റ പ്രകടനക്ഷമത എന്നിവയുടെ അകമ്പടിയോടെയാണ് ‘റെനെഗേഡ്’ ബൈക്കുകൾ നേപ്പാളിലെത്തുന്നതെന്ന് യു എം ലോഹിയ ടു വീലേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രാജീവ് മിശ്ര വെളിപ്പെടുത്തി. ആഗ്രഹിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണു ‘റെനെഗേഡി’ന്റെ രൂപകൽപ്പനയെന്ന് യു എം ഇന്റർനാഷനൽ അസിസ്റ്റന്റ് ജനറൽ മാനേജർ പങ്കജ് സിങ് അറിയിച്ചു. ക്രൂസർ ബൈക്കുകളിൽ നിന്നു പ്രതീക്ഷിക്കുന്ന വിശ്വാസ്യതയും സ്റ്റൈലുമൊക്കെ ‘റെനെഗേഡി’നു സ്വന്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘റെനേഗേഡ്’ ശ്രേണിക്കു കരുത്തേകുന്നത് 300 സി സി, ആറു സ്പീഡ് സിങ്ക്രോണസ് മെഷ് ഓവർഡ്രൈവ്, ലിക്വിഡ് കൂൾഡ് എൻജിനാണ്; പരമാവധി 24.8 ബി എച്ച് പി വരെ കരുത്തും 23 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

Read More: Auto News | Auto Tips | Fasttrack