പുത്തൻ സാങ്കേതികവിദ്യകളും പുതുതലമുറ അസംസ്കൃത വസ്തുക്കളും പ്രയോജനപ്പെടുത്തി കാര്യക്ഷമതയേറിയ ടയറുകൾ യാഥാർഥ്യമാക്കാൻ പ്രമുഖ നിർമാതാക്കളായ എം ആർ എഫ് തയാറെടുക്കുന്നു. ഇന്ധനക്ഷമതയേറിയ ടയറുകൾ നിർമിക്കാൻ വിവിധ നടപടികൾ കമ്പനി സ്വീകരിച്ചിട്ടുണ്ടെന്ന് എം ആർ എഫ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ എം മാമ്മൻ അറിയിച്ചു. മലിനീകരണ നിയന്ത്രണത്തിൽ പുതിയ നിലവാരം കൈവരിക്കുന്നതിൽ റോളിങ് റസിസ്റ്റൻസ് പ്രധാനമാണ്. ഈ മേഖലയ്ക്കൊപ്പം ടയർ വികസനത്തിൽ നാനോ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും ശ്രമമുണ്ടെന്ന് എം ആർ എഫ് പേസ് ഫൗണ്ടേഷനും ക്രിക്കറ്റ് ഓസ്ട്രേയിയുമായുള്ള സഖ്യത്തിന്റെ രജത ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ മാമ്മൻ വെളിപ്പെടുത്തി.
ചില വിഭാഗങ്ങൾക്കായി റോളിങ് റസിസ്റ്റൻസ്(ആർ ആർ) കുറഞ്ഞ ടയറുകൾ ഇപ്പോൾ തന്നെ എം ആർ എഫ് നിർമിക്കുന്നുണ്ട്. കൂടുതൽ വിഭാഗങ്ങളിൽ ഇത്തരം ടയറുകൾ ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമം. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം കാർബൺ ഡയോക്സൈഡ് മലിനീകരണം കുറയ്ക്കാനും ആർ ആറിലെ കുറവ് സഹായകമാവുമെന്നാണു വിലയിരുത്തൽ.
അസംസ്കൃത വസ്തുക്കളിലു പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ എം ആർ എഫിനു പദ്ധതിയുണ്ട്. നാനോ ടെക്നോളജി പോലുള്ള പുത്തൻ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനാണ് എം ആർ എഫിന്റെ ശ്രമം. വിവിധ തരം സംയുക്തങ്ങൾ കമ്പനി പരീക്ഷഇക്കുന്നുണ്ടെന്ന് മാമ്മൻ അറിയിച്ചു; റോളിങ് റസിസ്റ്റൻസ് കുറയ്ക്കാൻ ലക്ഷ്യമിട്ടു ടയർ നിർമാണത്തിൽ മണൽ ഉപയോഗിക്കാനുള്ള സാധ്യതയും കമ്പനി പരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വാഹന വിപണിയിൽ ചില വിഭാഗങ്ങളിലെ വിൽപ്പനയിൽ ഇടിവു രേഖപ്പെടുത്തുന്നുണ്ടെങ്കിലും വരുന്ന ആറു മാസത്തിനിടെ കാര്യങ്ങൾ സ്ഥിരത കൈവരിക്കുമെന്നാണു കെ എം മാമ്മന്റെ പ്രതീക്ഷ. അതുകൊണ്ടുതന്നെ മുമ്പു നിശ്ചയിച്ച മൂലധന ചെലവ് പരിഷ്കരിക്കാൻ കമ്പനിക്കു പരിപാടിയില്ല. ഒപ്പം ഗുജറാത്ത് ശാലയുടെ വികസനവും മുൻനിശ്ചയ പ്രകാരം നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More: Auto News in Malayalam | Car News | Bike News | Upcoming Car and Bikes