ഗുജറാത്തിൽ 4,500 കോടി രൂപ ചെലവിൽ പുതിയ ടയർ നിർമാണശാല സ്ഥാപിക്കുമെന്ന് എം ആർ എഫ്. വാഹന ടയറുകളും ട്യൂബുകളും ഫ്ളാപ്പുകളും അനുബന്ധ സാമഗ്രികളുമൊക്കെ നിർമിക്കാൻ ലക്ഷ്യമിട്ടാണു ഗുജറാത്തിലെ പുതിയ ശാലയെന്നു കമ്പനി വിശദീകരിച്ചു. പദ്ധതിക്കു കമ്പനി തത്വത്തിൽ അംഗീകാരം നൽകുകയും ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തിട്ടുണ്ടെന്നും എം ആർ എഫ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. പല ഘട്ടങ്ങളായി അടുത്ത 10 വർഷത്തിനിടയിലാണ് എം ആർ എഫ് ടയേഴ്സ് ഗുജറാത്തിൽ 4,500 കോടി രൂപ നിക്ഷേപിക്കുക. നിർമാണ സൗകര്യം രാജ്യവ്യാപകമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണു കമ്പനി ഗുജറാത്തിൽ പുതിയ ശാല സ്ഥാപിക്കുന്നത്.
ആഭ്യന്തര വിഭവ സമാഹരണവും കടമെടുപ്പും വഴിയാവും പുതിയ ശാലയ്ക്കുള്ള പണം കണ്ടെത്തുകയെന്നും എം ആർ എഫ് വ്യക്തമാക്കി. തമിഴ്നാട്, കേരളം, ഗോവ, ആന്ധ്ര പ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലായി എട്ടു നിർമാണശാലകളാണു നിലവിൽ എം ആർ എഫ് ടയേഴ്സിനുള്ളത്. ആഭ്യന്തര ടയർ വിപണിയിൽ മിക്ക വിഭാഗങ്ങളിലും എം ആർ എഫിനു ശക്തമായ സാന്നിധ്യമുണ്ട്; റീപ്ലേസ്മെന്റ് ടയർ വിപണിയിലും കമ്പനി നേതൃസ്ഥാനം അവകാശപ്പെടുന്നുണ്ട്. ഗുജറാത്ത് ശാലയിൽ നിന്നു പ്രതീക്ഷിക്കുന്ന ഉൽപ്പാദന ചെലവിലെ കുറവ് ആഭ്യന്തര വിപണിയിൽ ഗുണകരമാവുമെന്നാണ് എം ആർ എഫിന്റെ കണക്കുകൂട്ടൽ.
സംസ്ഥാനത്തെ മികച്ച തുറമുഖ സൗകര്യം മുൻനിർത്തി നിർദിഷ്ട ശാലയിലൂടെ ടയർ കയറ്റുമതിയിൽ പ്രകടനം മെച്ചപ്പെടുത്താനും കമ്പനിക്കു കഴിയും. വിദേശത്തു പുതിയ വിപണിക്കൊപ്പം പുത്തൻ ഉൽപന്ന വിഭാഗങ്ങളും അനുയോജ്യ ചാനൽ പങ്കാളികളെയും കണ്ടെത്താന് എം ആർ എഫിന്റെ രാജ്യാന്തര ബിസിനസ് വിഭാഗം(ഐ ബി ഡി) തീവ്രശ്രമം നടത്തുന്നുണ്ട്. മോട്ടോർ സ്പോർട്സ് ടയർ നിർമാണത്തിലാണ് ഐ ബി ഡിയിൽ എം ആർ എഫ് ഏറെ സാധ്യത കാണുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ എം ആർ എഫ് യു കെയിൽ മോട്ടോർ സ്പോർട് ടയറുകൾ അവതരിപ്പിച്ചിരുന്നു. വികസിത വിപണികളായ യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കും ഇത്തരം ടയറുകളുടെ വിൽപ്പന വ്യാപിപ്പിക്കാനാണ് എം ആർ എഫിന്റെ പദ്ധതി. പിന്നാലെ കമ്പനിയുടെ യാത്രാവാഹന ടയറുകളും ഈ വിപണികളിൽ വിൽപ്പനയ്ക്കെത്തും.