പെട്രോളിലും ഡീസലിലും ഓടുന്ന കാറുകളുടെവിൽപ്പന 2040 ആകുന്നതോടെ നിരോധിക്കാൻ ബ്രിട്ടീഷ് സർക്കാർ തയാറെടുക്കുന്നു. അന്തരീക്ഷ മലിനീകരണം ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾ മാത്രം പോത്സാഹിപ്പിക്കാനാണു സർക്കാരിന്റെ നീക്കം. ഈ മാസം ആദ്യം ഫ്രഞ്ച് സർക്കാർ നടത്തിയ പ്രഖ്യാപനത്തെ പിൻപറ്റിയാണു ബ്രിട്ടനും ഡീസൽ, പെട്രോൾ വാഹന വിലക്കിലേക്കു നീങ്ങുന്നത്.
പരിസ്ഥിതി വാദികൾ നടത്തിയ നിയമപോരാട്ടങ്ങളിൽ പരാജയം നേരിട്ടതോടെ വായു മലിനീകരണം കുറയ്ക്കാനുള്ള കടുത്ത നടപടികൾ സ്വീകരിക്കാൻ ബ്രിട്ടീഷ് സർക്കാർ സമ്മദർദം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം വൈദ്യുത മോട്ടോറിന്റെ കൂടി സാന്നിധ്യമുള്ള സങ്കര ഇന്ധന വാഹനങ്ങളിലും പിടി വീഴുമെന്നാണു സൂചന. അന്തരീക്ഷ വായുവിന്റെ നിലവാരം മാറ്റമില്ലാതെ തുടരുന്ന പക്ഷം ഡീസൽ വാഹനങ്ങളുടെ ഡ്രൈവർമാരോട് അധിക നികുതി ഈടാക്കാൻ പ്രാദേശിക അധികൃതർക്ക് അനുമതി ലഭിച്ചേക്കും.
ബ്രിട്ടനിൽ നടപ്പായേക്കാവുന്ന ഇത്തരം മാറ്റങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ബാറ്ററിയിൽ ഓടുന്ന ‘മിനി’ നിർമാണത്തിന് ഒക്സ്ഫഡിലെ ശാലയെ തിരഞ്ഞെടുത്തത്. 2019 മുതൽ ഈ ശാലയിൽ നിന്നു വൈദ്യുത ‘മിനി’ നിർമിക്കാനാണു ബി എം ഡബ്ല്യുവിന്റെ പദ്ധതി. ആന്തരിക ജ്വലന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ എൻജിനുകളോടു വിട പറയുകയാണെന്ന് ചൈനീസ് ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ബ്രാൻഡായ വോൾവോ പ്രഖ്യാപിച്ചിരുന്നു. 2019 മുതൽ ബാറ്ററിയിൽ ഓടുന്നതോ സങ്കര ഇന്ധന സാങ്കേതികവിദ്യയുള്ളതോ ആയ കാറുകൾ മാത്രമാവും നിർമിക്കുകയെന്നാണു കമ്പനിയുടെ പ്രഖ്യാപനം.