ഓർമകളിൽ ആദ്യം തെളിഞ്ഞു നിൽക്കുന്ന ചില കാര്യങ്ങളുണ്ട് നമുക്കെല്ലാവർക്കും. അത് ചിലപ്പോഴൊരു യാത്രയാകാം അല്ലെങ്കിൽ ഒരു പുസ്തകമോ പാട്ടോ ഒരു വണ്ടിയോ ഒക്കെയാകാം. പക്ഷേ അതിപ്പോൾ എവിടെയാണ് എങ്ങനെയാണ് എന്നൊന്നും നമുക്ക്് അറിവുണ്ടാകില്ല. തിരക്കിട്ട ജീവിതത്തിലെ ഇടവേളകളിലെല്ലാം ആ മുഖങ്ങളിങ്ങനെ കയറിവരും. എന്നെങ്കിലുമൊരിക്കൽ വർഷങ്ങൾക്കിപ്പുറം ആ ഓർമകൾ കൺമുന്നിൽ യാഥാർഥ്യമാകുമ്പോൾ ആ അനുഭൂതി പറഞ്ഞറിയിക്കാനാകില്ല. പിന്നീട് ജീവിതത്തിന്റെ ഭാഗമാകുമ്പോൾ അത് നമ്മിലേക്കു പകരുന്ന സന്തോഷത്തിന് പ്രസരിപ്പിന് അതിരുകളില്ലാതാകും. സ്വപ്നങ്ങൾക്ക് നടുവിലൂടെ യാത്ര പോകുന്ന പോലെ. നടൻ ദുൽക്കർ സല്‍മാൻ അങ്ങനെയൊരു അനുഭവത്തിന്റെ സന്തോഷത്തിലാണ്. സമൂഹമാധ്യമത്തിൽ ദുല്‍ക്കർ പങ്കുവച്ച ഒരു സുന്ദരി കാറിന്റെ പഴയ-പുതിയ മുഖങ്ങളും അതിനോടപ്പമുള്ള കുറിപ്പും ഹൃദയംതൊടും.
ഒരു കാറിനെ കുറിച്ചാണ് ദുൽക്കറിന്റെ കുറിപ്പ്. മെഴ്സിഡസ് W123 കാറുകളെല്ലാം ദുൽക്കറിന് പ്രിയപ്പെട്ടതായിരുന്നു. ഒരുപാട് ചിത്രങ്ങളിൽ ഇത്തരത്തിലുള്ള ബെൻസ് കാറുകൾ ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ദുൽക്കറിനു പ്രിയപ്പെട്ടത് ബാപ്പയുടെ ചിത്രമായ സാമ്രാജ്യത്തിലെ മോഡൽ മെഴ്സഡീസ് ബെൻസ് 250 എന്ന കാറായിരുന്നു. ചെന്നൈയിലെ ഒരു പ്രശസ്തമായ കുടുംബത്തിൽ ഇങ്ങനെയൊരു കാർ ഉണ്ടെന്ന് അറിയാമായിരുന്നു. എൺപതുകളിൽ അവിടുത്തെ മുതുമുത്തച്ഛൻ ഉപയോഗിച്ചിരുന്ന കാറ്. കൊതിപ്പിക്കുന്ന ഭംഗിയുള്ളൊരു വണ്ടി. പക്ഷേ അദ്ദേഹത്തിന്റെ കാലശേഷം ഈ കാർ വിറ്റു. രണ്ടാമത് വാങ്ങിയ ആളാകട്ടെ അതിനെ തീരെ ശ്രദ്ധ നൽകിയില്ല.
വർഷങ്ങൾക്കു ശേഷം പ്രിയപ്പെട്ട ബെൻസ് 250നെ വീണ്ടും കണ്ടുമുട്ടുമ്പോൾ കയറിയിരുന്നാൽ കാൽപാദം പോലും തറയിൽ തട്ടുന്ന വിധത്തിൽ നശിച്ചു പോയിരുന്നു. ഭംഗിയെല്ലാം ക്ഷയിച്ചു തുടങ്ങിയെങ്കിലും ആത്മാവ് നഷ്ടപ്പെടാതെ മഞ്ഞും മഴയും വെയിലും കൊണ്ട് ഒരിടത്ത് കിടക്കുകയായിരുന്നു കാറ്. തോൽക്കാൻ മനസില്ലെന്നു പറയും പോലെ. ചെന്നൈയിലെ അതിഭീകരമായ വെള്ളപ്പൊക്കം പോലും അതിജീവിച്ചു ഈ കാർ. - ദുല്‍ക്കർ എഴുതി.
എന്നോ കൊതിച്ചു തുടങ്ങിയ വാഹനത്തെ സ്വന്തമാക്കാൻ തന്നെ തീരുമാനിച്ചു. വല്ലാത്ത ത്രില്ലോടെ ദുൽക്കർ ഈ വാഹനത്തിനു പിന്നാലെയായിരുന്നു. വര്‍ഷങ്ങൾ നീണ്ട പരിശ്രമത്തിൽ TME 250 ന് പുനർജനിച്ചു. ആ ക്ലാസിക് ബ്യൂട്ടിയോടെ. 1981 മോഡൽ മെഴ്സഡീസ് ബെൻസ് 250ൽ ആറ് സിലിണ്ടർ ഇൻലൈൻ പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. മറ്റേത് പുതിയ കാറുകളേക്കാളും സുഖസഞ്ചാരമൊരുക്കാൻ ഈ വണ്ടിയ്ക്ക് കഴിയുന്നുവെന്ന് ദുൽക്കർ പറയുന്നു. സിനിമയുടെ ഷൂട്ടിങിന് ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്കു ദുൽക്കർ പോകുന്നത് ഈ വാഹനത്തിലാണ്. പഴയ ഭംഗിയോടെ റോഡിലൂടെ പോകുന്ന വാഹനത്തിലേക്ക് ഒരുപാട് കൗതുകത്തോടെ കുട്ടികളും പ്രായമേറിയവരും നോക്കുന്നത് ആസ്വദിച്ചാണ് ഈ യാത്രയെന്നും ദുൽക്കർ എഴുതി.
തന്റെ വണ്ടികളെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പൊതുവെ എഴുതാത്ത ആളാണ് ദുല്‍ക്കർ. ആളുകൾ അത് ഏതു രീതിയിൽ എടുക്കും എന്നുള്ളതു കൊണ്ടുതന്നെയാണത്. പക്ഷേ ഈ വണ്ടിയുടെ ചിത്രങ്ങൾ ഒരുപാടാളുകൾ ആവശ്യപ്പെട്ടതോടെയാണ് ദുൽക്കർ ആ ചിന്തയെ മാറ്റിവച്ചത്...
വാഹനങ്ങളെ പ്രണയിക്കുന്നവർ ഒരുപാടു പേരുണ്ട്. ആദ്യം വാങ്ങിച്ചതിനോട് അല്ലെങ്കിൽ കണ്ടുകൊതിച്ചതിനോടു തോന്നുന്നൊരിഷ്ടം ആഡംബരത്തിന്റെ തേരറി വന്നാൽ പോലും മറ്റേതൊരു വാഹനത്തിനും നേടിയെടുക്കാനാകില്ലെന്ന് ഓർമിപ്പിക്കുന്നു ദുൽക്കറിന്റെ കുറിപ്പ്. ഒരു പഴഞ്ചൻ വാഹനത്തിനു വേണ്ടി എത്ര നാളാണ് ഇങ്ങനെ കാത്തിരുന്നത് അറിയുമ്പോൾ ഒരുപാട് കൗതുകത്തോടെ അതിനെ കുറിച്ച് എഴുതുന്നത് കാണുമ്പോൾ പറയാതെ വയ്യ ദുല്‍ക്കർ ഇന്നോളം പ്രേക്ഷകർ പ്രണയിച്ച ചിത്രങ്ങളുടേതോ അല്ലെങ്കിൽ അതിനപ്പുറമോ മനോഹാരിതയുണ്ട് ഈ വാക്കുകൾക്ക്.