ഫെറാരി യൂട്ടിലിറ്റി വാഹനം 5 വർഷത്തിനകം

വിൽപ്പന ഗണ്യമായി മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നാലു സീറ്റുള്ള യൂട്ടിലിറ്റി വാഹനം അവതരിപ്പിക്കാൻ ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ഫെരാരി എൻ വി തയാറെടുക്കുന്നു. 2022 ആകുമ്പോഴേക്ക് അറ്റാദായം ഇരട്ടിയായി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെറാരി യൂട്ടിലിറ്റി വാഹന വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നത്.

വ്യക്തിത്വം കൈമോശം വരാതിരിക്കാൻ വാർഷിക വിൽപ്പന 10,000 യൂണിറ്റിൽ പരിമിതപ്പെടുത്തിയാണു ഫെറാരിയുടെ പ്രവർത്തനം. എന്നാൽ 2021ൽ വിരമിക്കാനിരിക്കുന്ന കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ സെർജിയൊ മാർക്കിയോണി തയറാക്കുന്ന അവസാന പഞ്ചവത്സര പദ്ധതിയിൽ ഈ വ്യവസ്ഥയിലെ പൊളിച്ചെഴുത്ത് നിർദേശിക്കുമെന്നാണു സൂചന. ഇത്തരത്തിൽ വിൽപ്പനയ്ക്കു സ്വയം ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കുന്നതോടെ ഇന്ധനക്ഷമതയുടെ കാര്യത്തിൽ കടുംപിടുത്തമില്ലാത്ത മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാമെന്നതാണു ഫെറാരിക്കുള്ള നേട്ടം. 

ആഗോളതലത്തിൽ നടപ്പായി വരുന്ന കർശന മലിനീകരണ നിയന്ത്രണ നിബന്ധനകളെ അതിജീവിക്കാനുള്ള നടപടികളും അടുത്ത വർഷം ആദ്യം അവതരിപ്പിക്കുമെന്ന കരുതുന്ന പഞ്ചവൽസര പദ്ധതിയിൽ പ്രതീക്ഷിക്കുന്നുണ്ട്. കാര്യക്ഷമത വർധിപ്പിക്കാനും അതിസമ്പന്നരെ ആകർഷിക്കാനുമായി കൂടുതൽ സങ്കര ഇന്ധന മോഡലുകൾ നിർമിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.  കുടുംബങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ സ്ഥലസൗകര്യവും നാലു സീറ്റുമുള്ള പുത്തൻ കാറും ഫെറാരിയുടെ പരിഗണനയിലുണ്ട്. നിലവിൽ വിൽപ്പനയ്ക്കുള്ള, രണ്ടു സീറ്റുള്ള ‘ജി ടി സി ഫോർ ലുസൊ’യെ അപേക്ഷിച്ചു വലിയ കാറാണു ഫെരാരി പരിഗണിക്കുന്നത്; എസ് യു വികളോട് മാർക്കിയോണിക്കുള്ള വിമുഖത മുൻനിർത്തി കമ്പനിക്കുള്ളിൽ ഈ മോഡലിന് ‘ഫെറാരി യൂട്ടിലിറ്റി വെഹിക്കിൾ’ എന്നാണു വിളിപ്പേര്.

ഈ പൂത്തൻ കാർ വഴി ഏഷ്യൻ (അതിൽ തന്നെ പ്രധാനമായും ചൈനീസ്) ഉപയോക്താക്കളെയാണു ഫെറാരി ലക്ഷ്യമിടുന്നത്. പുതിയ വാഹനത്തിൽ നിന്നു പ്രതിവർഷം 2,000 യൂണിറ്റിന്റെ അധിക വിൽപ്പനയാണു കമ്പനി പ്രതീക്ഷിക്കുന്നത്. പുതിയ കാറിനെ കാഴ്ചയിൽ കഴിയുന്നത്ര  സ്പോർട്ടി ആക്കുക എന്നതാണു ഫെറാരി നേരിടുന്ന പ്രധാന വെല്ലുവിളി. അതു സാധ്യമായാൽ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തെ ഒഴിവാക്കി വാഹന വ്യവസായത്തിൽ പുതിയൊരു വിഭാഗം തന്നെ സൃഷ്ടിക്കാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു.