ട്രാക്ടർ നിർമാണ മേഖലയിലെ ചൈനീസ് സംയുക്ത സംരംഭത്തിൽ നിന്നു പിൻമാറാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) തീരുമാനിച്ചു. സംയുക്ത സംരംഭമായ മഹീന്ദ്ര യുവെഡ യാൻചെങ് ട്രാക്ടർ കമ്പനി(എം വൈ വൈ ടി സി എൽ) യിലുള്ള 51% ഓഹരികൾ 8.20 കോടി യുവാൻ(ഏകദേശം 80 കോടി രൂപ) വിലയ്ക്കു വിറ്റൊഴിയാനാണു മഹീന്ദ്രയുടെ നീക്കം. എം ആൻഡ് എമ്മിന്റെ ഉപസ്ഥാപനമായ മഹീന്ദ്ര ഓവർസീസ് ഇൻവെസ്റ്റ് കമ്പനി(മൊറീഷ്യസ്) ലിമിറ്റഡി(എം ഒ ഐ സി എം എൽ)ന്റെ പക്കലുള്ള ഓഹരികളാണ് എം ആൻഡ് എം കൈമാറുന്നത്. ഈ സംയുക്ത സംരംഭത്തിൽ നിന്നു പിൻമാറിയ ശേഷം സ്വന്തം നിലയിൽ ചൈനീസ് വിപണിയിൽ പ്രവേശിക്കാനാണു മഹീന്ദ്രയുടെ പദ്ധതി.
എം വൈ വൈ ടി സി എല്ലിൽ കമ്പനിക്കുള്ള 51% ഓഹരി വിഹിതം പൂർണമായും വിറ്റൊഴിയുകയാണെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര വ്യക്തമാക്കി. നിയമപരമായ അനുമതി ലഭിക്കുകയും ഓഹരി വിൽപ്പന നടപടികൾ പൂർത്തിയാവുകയും ചെയ്യുന്ന മുറയ്ക്ക് മഹീന്ദ്ര യുവെഡ യാൻചെങ് ട്രാക്ടർ കമ്പനി എം ഒ ഐ സി എം എല്ലിന്റെ ഉപസ്ഥാപനമല്ലാതായി മാറുമെന്നും കമ്പനി വിശദീകരിച്ചു. ജിയാങ്സു യുവെഡ ഗ്രൂപ്(39%), യാൻ ബിങ്ഡെ(10%), ജിയാങ്സു യുവെഡ ഇൻവെസ്റ്റ്മെന്റ് കമ്പനി(രണ്ടു ശതമാനം) എന്നിവരാണു മഹീന്ദ്രയുടെ പക്കലുള്ള ഓഹരികൾ വാങ്ങുന്നത്. ഓഹരി കൈമാറ്റ നടപടികൾക്കു തുടക്കമായെന്നും ഒരു മാസത്തിനകം വിൽപ്പന പൂർത്തിയാവുമെന്നും മഹീന്ദ്ര പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞ ഡിസംബർ 31ലെ കണക്കനുസരിച്ച് 33.989 കോടി യുവാൻ(ഏകദേശം 326.64 കോടി രൂപ) ആയിരുന്നു എം വൈ വൈ ടി സി എല്ലിന്റെ വിറ്റുവരവ്; അറ്റ മൂല്യമാവട്ടെ 8.8 കോടി യൂവാനും(84.57 കോടിയോളം രൂപ). ഓഹരി വിൽപ്പന പൂർത്തിയാവുന്ന മുറയ്ക്ക് ചൈനീസ് വിപണിയിൽ കമ്പനി സ്വന്തം നിലയിൽ പ്രവർത്തനം ആരംഭിക്കുമെന്നും മഹീന്ദ്ര സൂചിപ്പിച്ചു. വിവിധ കമ്പനികൾ ഏറ്റെടുത്തതോടെ മഹീന്ദ്രയുടെ ഉൽപന്ന ശ്രേണി ട്രാക്ടറുകൾക്കും റൈസ് ട്രാൻസ്പ്ലാന്ററുകൾക്കുമപ്പുറത്തേക്കു വളർന്നിട്ടണ്ട്. ഈ വിപുലമായ ശ്രേണിയുടെ സാധ്യത ചൈനീസ് വിപണിയിൽ പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചു.