ഇറ്റാലിയൻ യു എസ് നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ് എൻ വിയിലുള്ള താൽപര്യം ആവർത്തിച്ചു ചൈനീസ് കമ്പനിയായ ഗ്രേറ്റ്‌വാൾ മോട്ടോർ കമ്പനി ലിമിറ്റഡ്. ‘ജീപ്പ്’ ബ്രാൻഡിലുള്ള താൽപര്യം ആവർത്തിക്കുമ്പോഴും ഇതുസംബന്ധിച്ചു ചർച്ച നടത്തുകയോ കരാർ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും ചൈനീസ് കമ്പനി വ്യക്തമാക്കി. എഫ് സി എയെ പൂർണമായോ ഭാഗികമായോ ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്നു തിങ്കളാഴ്ചയാണു ഗ്രേറ്റ്‌വാൾ മോട്ടോർ പ്രഖ്യാപിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) നിർമാതാക്കളാണു ഗ്രേറ്റ്‌വാൾ.
അതിനിടെ ‘ജീപ്പ്’ ബ്രാൻഡ് ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്നു ഗ്രേറ്റ്‌വാൾ മോട്ടോർ പ്രസിഡന്റ് വാങ് ഫെങ്യങ് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ എഫ് സി എ ഓഹരിവില ഉയർന്നെങ്കിലും വിൽപ്പന അടിസ്ഥാനമാക്കി ചൈനീസ് നിർമാതാക്കളിൽ ഏഴാം സ്ഥാനത്തുള്ള ഗ്രേറ്റ്‌വാൾ എങ്ങനെ ഇടപാട് യാഥാർഥ്യമാക്കുമെന്ന ചോദ്യങ്ങളും ഉയർന്നു. ‘ജീപ്പ്’ ബ്രാൻഡിനാവട്ടെ എഫ് സി എയുടെ ഒന്നര ഇരട്ടി മൂല്യമാണു വിപണി വിദഗ്ധർ കണക്കാക്കുന്നത്.
അതിനിടെ ഐതിഹാസിക മാനങ്ങളുള്ള ‘ജീപ്പ്’ ബ്രാൻഡ് വിറ്റൊഴിയുന്നതു സെർജിയൊ മാർക്കിയോണിക്കു സമാനതകളില്ലാത്ത നാണക്കേടാവും സൃഷ്ടിക്കുകയെന്നും വിലയിരുത്തലുണ്ട്. അമൂല്യമായ മൂലധനം പാഴാക്കുന്നതു ചെറുക്കാനെന്നു വിശദീകരിച്ചാണ് എഫ് സി എ ചീഫ് എക്സിക്യൂട്ടീവായ മാർക്കിയോണി ‘ജീപ്പി’നെ വിൽക്കാൻ ഒരുങ്ങുന്നത്.‘ജീപ്പി’ൽ മനംമയങ്ങി രംഗത്തുള്ള ചൈനയിലെ ഗ്രേറ്റ്വാൾ മോട്ടോറിന് ഈ ബ്രാൻഡ് കൈമാറുക വഴി എഫ് സി എയ്ക്ക് കോടിക്കണക്കിനു ഡോളർ വരുമാനമുണ്ടായേക്കാം; പക്ഷേ ഈ ഇടപാടിലൂടെ വെളിപ്പെടുന്നത് എഫ് സി എ അഭിമുഖീകരിക്കുന്ന ദയനീയ ശോഷണമാണെന്നതാണു പ്രശ്നം.
അതിനിടെ ‘ജീപ്പ്’ സ്വന്തമാക്കാനുള്ള വിഭവസമാഹരണം ഗ്രേറ്റ് വാൾ മോട്ടോറിനും എളുപ്പമാവില്ലെന്നാണു സൂചന. 1500 കോടിയോളം ഡോളർ(ഏകദേശം 96,112.50 കോടി രൂപ) ആണു ‘ജീപ്പി’നു വിപണി മൂല്യം കണക്കാക്കുന്നത്. ഗ്രേറ്റ്വാളിനേക്കാൾ മൂല്യമേറിയ കമ്പനിയെ ഏറ്റെടുക്കാനുള്ള ഉദ്യമത്തിനു ചൈനീസ് അധികൃതരിൽ നിന്ന് അനുമതി നേടിയെടുക്കലും ക്ലേശകരമാവുമെന്നാണു വിലയിരുത്തൽ. ഇനി ഈ കടമ്പകളൊക്കെ കടന്നാൽ തന്നെ ‘ജീപ്പ്’ പോലൊരു ഐതിഹാസിക യു എസ് ബ്രാൻഡ് ചൈനീസ് ഉടമസ്ഥതയിലാവുന്നതിനെ ട്രംപ് ഭരണകൂടവും യു എസ് കോൺഗ്രസും ചെറുക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.