Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസലിനോടു ‘നോ’ പറഞ്ഞ് ഫീയറ്റും ജീപ്പും

Jeep Compass Jeep Compass

ഡീസൽ എൻജിനുകൾ ഉപേക്ഷിക്കാൻ ഇറ്റാലിയൻ അമേരിക്കൻ വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസും(എഫ് സി എ) ഒരുങ്ങുന്നു. 2022 ആകുമ്പോഴേക്ക് മോഡൽ ശ്രേണിയിൽ നിന്ന് ഡീസൽ എൻജിൻ ഒഴിവാക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി. നിലവാരമേറിയ ഡീസൽ എൻജിനുകളുടെ വികസനത്തിനു ചെലവേറിയതിനൊപ്പം ഇത്തരം മോഡലുകൾക്ക് ആവശ്യം ഇടിഞ്ഞതും എഫ് സി എയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണു സൂചന. ജൂൺ ഒന്നിനു കമ്പനി പ്രഖ്യാപിക്കുന്ന അടുത്ത നാലു വർഷത്തെ പ്രവർത്തന രേഖയിൽ ഡീസൽ യുഗത്തിന് അന്ത്യം കുറിക്കാനുള്ള നിർദേശങ്ങൾ ഇടം പിടിക്കുമെന്നാണു പ്രതീക്ഷ. 

ഫിയറ്റ്, ആൽഫ റോമിയൊ, ഫെറാരി, ലാൻസ്യ, മസെരാട്ടി, ക്രൈസ്ലർ, ഡോജ്, ആർ എ എം, ജീപ് തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടുന്നതാണ് എഫ് സി എ ഗ്രൂപ്. ഫിയറ്റിനും ലാൻസ്യയ്ക്കും പുറമെ ജീപ്പിനും ഡീസൽ മോഡലുകളുടെ ശ്രദ്ധേയ ശേഖരമുണ്ട്.യു എസിലെ കർശന മലനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ കൃത്രിമം കാട്ടി ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ 2015ൽ വിവാദത്തിൽ കുടങ്ങിയതോടെയാണു ഡീസൽ എൻജിനുകളുടെ ദുർദശയ്ക്കു തുടക്കമായത്. ‘പുകമറ’ വിവാദവും ‘ഡീസൽഗേറ്റു’മെല്ലാം ചേർന്ന് ആഗോളവിപണികളിൽ ഡീസൽ മോഡലുകൾക്കുള്ള സ്വീകാര്യത നഷ്ടമാക്കി. പരിസ്ഥിതി മലിനീകരണം ചെറുക്കാൻ ലോക രാജ്യങ്ങൾ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുകയും ഡീസലിനോടുള്ള ആഭിമുഖ്യം ഇടിയുകയും ചെയ്തതോടെ ആഗോളതലത്തിൽ തന്നെ പെട്രോൾ എൻജിനുകൾക്കും സങ്കര ഇന്ധന മോഡലുകൾക്കും വിൽപ്പനയേറി. 

ഇതോടെ ഭാവിയിൽ ഡീസൽ കേന്ദ്രീകൃത മോഡലുകൾ വികസിപ്പിക്കില്ലെന്ന് ജപ്പാനിലെ ടൊയോട്ട മോട്ടോർ കോർപറേഷനും മറ്റും പ്രഖ്യാപിച്ചു. മലിനീകരണ നിയന്ത്രണ പരിശോധനകൾ കർശനമാവുന്ന സാഹചര്യത്തിൽ ഡീസൽ വാഹനങ്ങളുടെ നിർമാണം അവസാനിപ്പിക്കുകയാണെന്നു ഫോക്സ്വാഗൻ ഗ്രൂപിപൽപെട്ട പോർഷെയും ഔദ്യോഗികമായി തന്നെ വ്യക്തമാക്കി. മികച്ച ഡീസൽ എൻജിനുകൾ യാഥാർഥ്യമാക്കാനുള്ള ചെലവ് മുമ്പത്തെ അപേക്ഷിച്ച് 20% വരെ ഉയർന്നെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്; അതേസമയം വൈദ്യുത മോഡലുകൾ വികസിപ്പിക്കാനുള്ള ചെലവാകട്ടെ ക്രമമായി ഇടിയുകയുമാണ്.  കഴിഞ്ഞ വർഷം ഡീസൽ കാർ വിൽപ്പനയിൽ എട്ടു ശതമാനത്തോളം ഇടിവാണു രേഖപ്പെടുത്തിയത്;  ഇതോടെ യൂറോപ്പിൽ ഡീസൽ കാറുകളുടെ വിഹിതം 50 ശതമാനത്തിലും താഴ്ന്ന് 43.8 ശതമാനവുമായി.