വാഹനങ്ങളുടെ ശേഷി പ്രദർശിപ്പിക്കാൻ പല വഴികളും ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ പരീക്ഷിക്കാറുണ്ട്. അതു ചിലപ്പോൾ ട്രെയിൻ കെട്ടിവലിച്ചാണെങ്കിൽ ചിലപ്പോൾ കടലാസ് പാലത്തിലൂടെ കയറിയായിരിക്കും അതുമല്ലെങ്കിൽ വായുവിലൂടെ കരണം മറഞ്ഞായിരിക്കും. എന്നാൽ ഇത്തവണ ലാൻഡ് റോവർ രണ്ടും കൽപ്പിച്ചാണ്. മഞ്ഞിലൂടെ ചെന്നായ്ക്കളെ ഓടി തോൽപ്പിച്ചാണ് ലാൻഡ് റോവർ, 2018 ഡിസ്‌കവറി സ്‌പോർട്ടിന്റെ കഴിവ് തെളിച്ചത്.
ആറ് ഹസ്‌കി നായ്ക്കളുമായിട്ടാണ് (സൈബീരിയൻ കാലാവസ്ഥയിൽ ജീവിക്കുന്ന നായ്ക്കൾ) 2018 ഡിസ്‌കവറി സ്‌പോര്‍ട് മത്സരിച്ചത്. അതു ഫിന്നിഷ് മിഡില്‍ ഡിസ്റ്റന്‍സ് ചാമ്പ്യന്‍ ലൊറ കാരിയാനിയന്‍ നേതൃത്വം നല്‍കിയ ഹസ്‌കി പടയ്ക്കെതിരെയാണ് ഡിസ്കവറി സ്പോർട്സ് മത്സരിച്ചത്. ഫിന്‍ലാന്‍ഡിലെ പ്രശസ്ത വെസ്‌ലപിസ് സ്‌കൈ ടണലില്‍ വെച്ചായിരുന്നു മത്സരം. 286 ബിഎച്ച്പി കരുത്തുള്ള 2.0 ലീറ്റര്‍ പെട്രോൾ എഞ്ചിൻ മോഡലാണ് മത്സരത്തിനായി ഉപയോഗിച്ചത്.
എസ്‌യുവിയുടെ റേസ് ട്രാക്കിൽ കുറച്ച് ഓഫ് റോഡ് പ്രതിബന്ധങ്ങളും സൃഷ്ടിച്ചിരുന്നു. എസ്‌യുവിയുടെ ഓഫ്‌റോഡിംഗ് മികവ് കാണിക്കുന്നതിനായിരുന്നു കമ്പനി ശ്രമിച്ചത്. ഏറെ പ്രതിബന്ധങ്ങൾ കടന്ന് ഹസ്‌കി പടയെ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് പരാജയപ്പെടുത്തിയതായും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.