ആഡംബര എസ് യു വിയായ ‘റേഞ്ച് റോവർ വേളാർ’ ഇന്ത്യയിൽ അസംബ്ൾ ചെയ്യാൻ ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)നു പദ്ധതി. ടാറ്റ മോട്ടോഴ്സിന്റെ പുണെ ശാലയിലാവും എസ് യു വി അസംബ്ൾ ചെയ്യുക. 2017 ഡിസംബറിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ‘വേളാർ’ നിലവിൽ ഇറക്കുമതി വഴിയാണ് വിൽപ്പനയ്ക്കെത്തുന്നത്.
മൊത്തം 24 വകഭേദങ്ങളിൽ ലഭ്യമാവുന്ന ‘വേളാറി’ന് 83.34 ലക്ഷം മുതൽ 1.46 കോടി രൂപ വരെയാണു വില. എന്നാൽ പ്രാദേശികമായ അസംബ്ലിങ് ആരംഭിക്കുന്നതോടെ കാർ വിലയിൽ 10 — 14 ലക്ഷം രൂപയുടെ ഇളവാണു പ്രതീക്ഷിക്കുന്നത്.
‘റേഞ്ച് റോവർ ഇവോക്’, ‘ഡിസ്കവറി സ്പോർട്’, ‘ജഗ്വാർ എഫ് പേസ്’ തുടങ്ങിയവയ്ക്കു പിന്നാലെയാണ് ‘വേളാർ’ കൂടി പ്രാദേശികതലത്തിൽ അസംബ്ൾ ചെയ്യാൻ ജഗ്വാർ ലാൻഡ് റോവർ ഇന്ത്യ തീരുമാനിച്ചത്. ‘റേഞ്ച് റോവർ ഇവോക്കി’നും ‘റേഞ്ച് റോവർ സ്പോർട്ടി’നു ഇടയിലാണ് ‘വേളാർ’ ഇടം പിടിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളോടെ വിപണിയിലുള്ള ആഡംബര എസ് യു വിയിൽ മാട്രിക്സ് ലേസർ എൽ ഇ ഡി ഹെഡ്ലാംപ്, ക്വാഡ് ടെയിൽ ലാംപ്, ആംഗ്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ടെയിൽ ഗേറ്റ്, റിക്ലൈനിങ് സീറ്റ്, ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റിൽ എന്റർടെയ്ൻമെന്റ് തുടങ്ങിയവയെല്ലാമുണ്ട്.
പത്തു വിധത്തിൽ ക്രമീകരിക്കാവുന്ന തരത്തിലുള്ള സീറ്റുകളുള്ള ‘വേളാറി’ലെ ഡ്രൈവർ സീറ്റിനാവട്ടെ മെമ്മറി ഫംക്ഷനുമുണ്ട്. ശബ്ദശല്യമില്ലാത്ത അകത്തളത്തിൽ കൂടുതൽ യാത്രാസുഖത്തിനായി എയർ സസ്പെൻഷനുമുണ്ട്. ഇലക്ട്രോണിക് എയർ സസ്പെൻഷനൊപ്പം ആക്ടീവ് റിയർ ലോക്കിങ്, ഡൈനമിക് സ്റ്റെബിലിറ്റി കൺട്രോൾ, ടെറെയ്ൻ റെസ്പോൺസ് സിസ്റ്റം, റോൾ സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം തുടങ്ങിയവയുമുണ്ട്.
ഇന്ത്യയിൽ ‘വേളാറി’നു കരുത്തേകുന്നത് രണ്ടു ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിനാണ്; 247 ബി എച്ച് പി കരുത്തും 365 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. കൂടാതെ രണ്ടു ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിനോടെയും എസ് യു വി ലഭ്യമാണ്; 177 ബി എച്ച് പി കരുത്തും 430 ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. കൂടാതെ മൂന്നു ലീറ്റർ, വി സിക്സ്, ഡീസൽ എൻജിനോടെയും ‘വേളാർ’ എത്തും; 296 ബി എച്ച് പി കരുത്തും 700 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഓൾ വീൽ ഡ്രൈവ് സിസ്റ്റവും എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനും മൂന്ന് എൻജിനുകൾക്കുമൊപ്പമുണ്ട്.