Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണ്ണി മുകുന്ദന്റെ ലാൻഡ് റോവർ

unni-mukundan Unni Mukundan

‘One of the most dashing vehicle I ever used’-  ഓരോ ഡ്രൈവ് കഴിയുമ്പോഴും തന്റെ ഫ്രീലാൻഡറിനോടു പ്രേമം കൂടിക്കൂടിവരികയാണെന്ന് മലയാള സിനിമയിലെ മസിൽമാൻ ഉണ്ണിമുകുന്ദൻ. ബ്രിട്ടിഷ് വാഹന നിർമാതാക്കളായ ജാഗ്വർ ലാൻ‌‍ഡ്റോവറിന്റെ റഫ് ആന്റ് ടഫ് എസ്‌യുവി ഫ്രീലാൻഡർ‌ ഉണ്ണിയുടെ മനസ്സിൽ ഇടംപിടിച്ചിട്ട് കാലം കുറച്ചായി. എസ്‌യുവി പ്രേമിയായ ഉണ്ണിയുടെ വാഹന വിശേഷങ്ങൾ.

Unni Mukundan about his Land Rover | Manorama Online

ഫ്രീലാൻഡർ

ഒരു എസ്‌യുവി വാങ്ങണം എന്നായിരുന്നു ആഗ്രഹം, ബ്രാൻഡിനേക്കാൾ ഉപരി സുരക്ഷിതയാത്ര സമ്മാനിക്കുന്ന വാഹനമായിരിക്കണം, ദൂരയാത്രകള്‍ക്കും കുടുംബവുമൊത്തുള്ള യാത്രകൾക്കും യോജിക്കണം എന്നിവയൊക്കെയായിരുന്നു മുൻഗണനകൾ. അങ്ങനെയാണ് ഫ്രീലാൻഡറിലെത്തിയത്. ഡാർക്ക് ബ്ലൂ വേണമെന്നായിരുന്നു ആഗ്രഹമെങ്കിലും ആ നിറം ലഭിച്ചില്ല അങ്ങനെയാണ് വെള്ള നിറം തിരഞ്ഞെടുത്തത്. വാഹനം വാങ്ങിയിട്ട് രണ്ടു വർഷമായി, റെഗുലർ സർവീസ് അല്ലാതെ ഇതുവരെ വലിയ ചെലവുകളൊന്നും വന്നിട്ടില്ലെന്നു മാത്രമല്ല വഴിയിൽ കിടത്തിയിട്ടുമില്ല. നിറം മാറ്റിത്തരാമെന്നു പറഞ്ഞെങ്കിലും പിന്നീട് വെളുപ്പു തന്നെ മതിയെന്നു തീരുമാനിച്ചു. വലിയ വാഹനമായതുകൊണ്ട് പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടാറുണ്ട്. വാഹനം വാങ്ങിയ മുത്തൂറ്റ് ജെഎൽആർ മികച്ച സപ്പോർട്ടാണ് നൽകുന്നത്. 

unni-mukundan-5 Unni Mukundan

സൂപ്പർമാൻ ഈ വാഹനത്തിന്റെ ഐശ്വര്യം

സൂപ്പർമാന്റെ വലിയ ആരാധകനാണ്. ഒരു കാർട്ടൂൺ കഥാപാത്രം എന്നതിലുപരി സൂപ്പർമാൻ ഒരു മോട്ടിവേഷനാണ്. അതുകൊണ്ടുതന്നെ കാറിലും കീച്ചെയിനിലുമെല്ലാം സൂപ്പർമാനുണ്ട്.

unni-mukundan-3 Unni Mukundan

ഡ്രൈവിങ് ഏറെയിഷ്ടം

സിനിമയിൽ വന്നതിനു േശഷമാണ് വാഹനമോടിച്ചു തുടങ്ങിയത്. പതിനെട്ടാം വയസ്സിൽ ലൈസൻസെടുക്കാൻ വാഹനമോടിച്ചതല്ലാതെ വലിയ മുൻപരിചയമൊന്നുമില്ലായിരുന്നു. പിന്നെ സിനിമയിൽ കാർ ചേസിങ് ചെയ്തിട്ടുണ്ട്, മല്ലു സിങ്ങിൽ ജീപ്പും ട്രാക്ടറും ട്രക്കും ഓടിച്ചു. ഡ്രൈവിങ് പഠിക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. പെട്ടെന്നുതന്നെ പഠിച്ചെടുത്തു.  ഇപ്പോൾ നന്നായി വാഹനം ഓടിക്കുന്നുണ്ടെന്നാണു കരുതുന്നത്. സ്പീഡ് എടുക്കാറുണ്ട്, എന്നുകരുതി റാഷ് ഡ്രൈവറല്ല. എന്റെ ഡ്രൈവിങ്ങിനെ ഇതുവരെ ആരും കുറ്റം പറഞ്ഞിട്ടുമില്ല. ഒറ്റയ്ക്ക് ഒാടിക്കാൻ തന്നെയാണിഷ്ടം.

unni-mukundan-6 Unni Mukundan

ആദ്യ കാർ ഹോണ്ട സിറ്റി

വലിയ വാഹനങ്ങളോടാണ് കൂടുതൽ താൽപര്യം. അതുകൊണ്ടാണ് അന്നു ഹോണ്ട സിറ്റി തിരഞ്ഞെടുത്തത്. സിറ്റി മികച്ചൊരു കാറായിരുന്നു. പ്രീമിയം സെ‍ഡാൻ ആയിരുന്നു ലക്ഷ്യം. മികച്ച സൗകര്യങ്ങൾ, ഹോണ്ടയുടെ വിശ്വാസ്യത, കൂടാതെ ബജറ്റിലൊതുങ്ങുന്ന കാർ എന്നിവയാണ് സിറ്റിയിലെത്തിച്ചത്. പക്ഷേ നിരന്തര യാത്രകൾ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കിയപ്പോഴാണ് എസ്‌യുവി വാങ്ങാൻ തീരുമാനിച്ചത്.

unni-mukundan-4 Unni Mukundan

അടുത്തത് മസിൽ കാർ

അടുത്ത വണ്ടി തീർച്ചയായുമൊരു മസിൽ കാറായിരിക്കും. ഡാർക്ക് ബ്ലൂ അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ളത്. അതിനു കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ.

മോഡിഫിക്കേഷനോട് താൽപര്യം കുറവ്‌

അടുത്തിടെ പുറത്തിറങ്ങിയ സ്റ്റൈൽ എന്ന ചിത്രത്തിൽ ഒരു മോഡിഫൈഡ് കാറുണ്ടായിരുന്നു. കോണ്ടസ മോഡിഫൈ ചെയ്ത് മസ്താങ് മോഡലാക്കി മാറ്റിയതാണ്. മനോഹരമായി മോഡിഫൈ ചെയ്ത വാഹനമായിരുന്നു ആ ഡെവിൾസ് കാർ. എന്നാൽ വ്യക്തിപരമായി എനിക്ക് മോഡിഫിക്കേഷനോട് താൽപര്യം കുറവാണ്. മികച്ച എൻജിനിയർമാർ ചേർന്ന് എല്ലാ ഘടകങ്ങളും പരിശോധിച്ചാണ് ഒരു വാഹനം നിർമിക്കുന്നത്. അതിൽ പിന്നീട് മോഡിഫിക്കേഷൻ ചെയ്യുന്നതിനോട് താൽപര്യമില്ല.

unni-mukundan-1 Unni Mukundan

ബുള്ളറ്റ് പ്രേമം

അച്ഛനിൽനിന്നു പകർന്നു കിട്ടിയതാണ് ബുള്ളറ്റ് പ്രേമം. ബുള്ളറ്റിന്റെ ശബ്ദവും ക്ലാസിക്ക് ലുക്കുമായിരിക്കും എല്ലാവരേയും ബുള്ളറ്റ് പ്രേമികളാക്കുന്നത്. പുതുതലമുറ ബുള്ളറ്റിനേക്കാൾ പ്രിയം വലതുവശത്ത് ഗിയറുള്ള പഴയ മോഡലാണ്. മല്ലു സിങ്ങിൽ അത്തരമൊരു ബുള്ളറ്റായിരുന്നു ഉപയോഗിച്ചത്. എന്റെ ആദ്യ ബൈക്ക് ബജാജ് പൾസർ 150 യാണ്. സ്വന്തമായി അധ്വാനിച്ച കാശുകൊണ്ടാണ് അതു വാങ്ങിയത് അതിപ്പോഴും കൈയിലുണ്ട്. പിന്നീട് അടുത്തിടെയാണ് ഒരു റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടിയും ക്ലാസിക്ക് ഡസേർട്ട് സ്റ്റോമും വാങ്ങിയത്. ബൈക്ക് സ്റ്റണ്ടിങ് ഇഷ്ടമാണ്. സ്റ്റൈല്‍ എന്ന ചിത്രത്തിൽ ചെറിയൊരു സ്റ്റണ്ടിങും നടത്തിയിട്ടുണ്ട്. എന്നാലിപ്പോൾ ബൈക്കുകൾ ഒാടിക്കുന്നത് കുറവാണ്. കാരണം, ബൈക്ക് യാത്രകൾ അത്ര സുരക്ഷിതമായി തോന്നിയിട്ടില്ല.  നടത്തിയിട്ടുണ്ട്.

ഡ്രീം കാർ

ലംബോർഗിനി, ഫെരാരി, റോൾസ് റോയ്സ് ഗോസ്റ്റ് തുടങ്ങിയ വാഹനങ്ങളൊക്കെ താൽപര്യമുണ്ട് ചിലപ്പോൾ ഇവയിലേതെങ്കിലും വാങ്ങിയേക്കാം. 

ഗുജറാത്തിലേക്കൊരു റോഡ് ട്രിപ്പ്

ഫ്രീലാൻഡർ വാങ്ങിയെങ്കിലും ദൂരയാത്രകളൊന്നും നടത്തിയിട്ടില്ല. കോയമ്പത്തൂർ വരെ വണ്ടി ഓടിച്ചുപോയി തിരിച്ചുവന്നതാണ് ഏറ്റവും വലിയ യാത്ര. ഈ വര്‍ഷത്തെ തിരക്കുകൾ കഴിഞ്ഞ് കേരളത്തിൽനിന്നു ഗുജറാത്തിലേക്കൊരു റോഡ് ട്രിപ്പ് നടത്തണമെന്നുണ്ട്. സാഹചര്യങ്ങൾ അനുകൂലമായാൽ അതു സാധിക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

ഫാസ്റ്റ്ട്രാക്ക് ഇ പതിപ്പ് വായിക്കാം

Your Rating: