ട്രാക്ടർ നിർമാണത്തിനുള്ള ഉപസ്ഥാപനമായ മഹീന്ദ്ര ഗുജറാത്ത് ട്രാക്ടേഴ്സ് ലിമിറ്റഡി(എം ജി ടി എൽ)ന്റെ പേര് ഗ്രോമാക്സ് അഗ്രി എക്വിപ്മെന്റ് ലിമിറ്റഡ് എന്നാക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) തീരുമാനിച്ചു. ഗ്രോമാക്സിൽ നിന്നു ‘ട്രാക്സ്റ്റാർ’ എന്നപുത്തൻ ട്രാക്ടർ ബ്രാൻഡും മഹീന്ദ്ര പ്രഖ്യാപിച്ചു. മഹീന്ദ്രയുടെ നിലവിലുള്ള ട്രാക്ടർ ശ്രേണിയുമായി ഒത്തുപോകുംവിധത്തിൽ എൻട്രി ലവൽ മോഡലുകൾ നിർമിക്കലാവും ഗ്രോമാക്സിന്റെ ദൗത്യമെന്നും കമ്പനി വ്യക്തമാക്കി. പണത്തിനൊത്ത മൂല്യം മോഹിക്കുന്ന കർഷകരെ ലക്ഷ്യമിടുന്ന ഗ്രോമാക്സ് 30 മുതൽ 50 എച്ച് പി വരെ ശേഷിയുള്ള അഞ്ചു മോഡലുകളാവും പുറത്തിറക്കുക.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഗുജറാത്ത് സർക്കാരും ചേർന്നു സ്ഥാപിച്ച സംയുക്ത സംരംഭമാണ് ഗ്രോമാക്സ് ആഗ്രി; കമ്പനിയുടെ 60% ഓഹരികൾ മഹീന്ദ്രയ്ക്കും ബാക്കി ഗുജറാത്ത് സർക്കാരിനുമാണ്. ‘ട്രാക്സ്റ്റാർ’ ശ്രേണിയിലെ ട്രാക്ടറുകളുടെ വിപണനം ഘട്ടം ഘട്ടമായിട്ടാവും വ്യാപിപ്പിക്കുകയെന്നും ഗ്രോമാക്സ് വ്യക്തമാക്കി. ഗുജറാത്തിലെ വഡോദരയിലാണു കമ്പനിയുടെ നിർമാണശാല പ്രവർത്തിക്കുന്നത്.
കൃഷിയിടങ്ങളിലെ യന്ത്രവൽക്കരണം ഉയർത്താനുള്ള ദൗത്യത്തിൽ പ്രധാന ഘടകമായി ഗ്രോമാക്സ് മാറുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫാം എക്സിപ്മെന്റ് വിഭാഗം പ്രസിഡന്റ് രാജേഷ് ജെജുരികർ അഭിപ്രായപ്പെട്ടു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ദൗത്യമാണു ഗ്രോമാക്സ് ഏറ്റെടുക്കുന്നത്. അതുകൊണ്ടുതന്നെ ട്രാക്ടർ വിപണിയുടെ 80% മേഖലയിലും സാന്നിധ്യം ലക്ഷ്യമിട്ടാവും ഗ്രോമാക്സിന്റെ വരവെന്നും അദ്ദേഹം വെളിപ്പെടുത്തി.
കർഷക സമൂഹത്തിനു സഹായകമാവുംവിധത്തിൽ കമ്പനി ഉൽപന്നശ്രേണി നവീകരിക്കുന്നത് ആഹ്ലാദകരമാണെന്ന് ഗുജറാത്തിലെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ് അഭിപ്രായപ്പെട്ടു. കൃഷിയിടങ്ങളിലെ യന്ത്രവൽക്കരണത്തിനും കാർഷിക വികസനത്തിനും കർഷക ക്ഷേമത്തിനും കൃഷിയിലെ ആധുനികവൽക്കരണത്തിനുമൊക്കെയുള്ള വ്യക്തമായ പദ്ധതി സർക്കാർ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.