ചെന്നൈ ∙ രാജ്യത്തെ ഏറ്റവും വലിയ ടയർ നിർമാണ കമ്പനിയായ എംആർഎഫ് ആഡംബര, പ്രീമിയം പാസഞ്ചർ കാറുകൾക്കായുള്ള പുതിയ ടയർ പുറത്തിറക്കി. പെർഫിൻസ എന്ന പേരിലുള്ള ടയർ ക്രിക്കറ്റ് താരം എ.ബി. ഡിവില്ലിയേഴ്സാണു പുറത്തിറക്കിയത്. ഔഡി, ബിഎംഡബ്ല്യു, മെഴ്സിഡീസ് ബെൻസ്, റെനോ ഉൾപ്പെടെയുള്ള കമ്പനികളുടെ ഇന്ത്യയിൽ ലഭ്യമായ അറുപതോളം കാറുകൾക്കു പെർഫിൻസ ഉപയോഗിക്കാം.
പെർഫിൻസ വിപണിയിലെത്തിച്ചതോടെ, ആഗോള തലത്തിലെ മികച്ച ആഡംബര കാർ നിർമാതാക്കളുടെ അംഗീകാരം ലഭിച്ച ടയർ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി എംആർഎഫ്. ഇന്ത്യയിലെ നൂറിലേറെ നഗരങ്ങളിലെ എംആർഎഫ് ടയർടക് ആൻഡ് ടിആൻഡ്എസ് ഷോറൂമുകളിൽ ഇന്നലെ മുതൽ ടയർ ലഭ്യമാണ്. ആദ്യഘട്ടത്തിൽ ഇന്ത്യയിൽ മാത്രമായിരിക്കും പെർഫിൻസ ലഭ്യമാകുക. ആഗോള വിപണിയിൽ പിന്നീടു പുറത്തിറക്കും. എംആർഎഫ് രൂപപ്പെടുത്തിയ പെർഫിൻസ ലോകത്തിലെ എല്ലാ സാഹചര്യങ്ങളിലും വിജയകരമായി പരീക്ഷിച്ച ശേഷമാണു വിപണിയിലെത്തുന്നത്.
എംആർഎഫ് ഗ്ലോബൽ ബ്രാൻഡ് അംബാസഡർ എ.ബി. ഡിവില്ലിയേഴ്സ്, എംആർഎഫ് സിഎംഡി കെ.എം. മാമ്മൻ, വൈസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അരുൺ മാമ്മൻ, മാനേജിങ് ഡയറക്ടർ രാഹുൽ മാമ്മൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (മാർക്കറ്റിങ്) കോശി കെ. വർഗീസ് എന്നിവർ പങ്കെടുത്തു.