ഇന്ത്യയിലെ ‘വെസ്പ’ ഇരുചക്രവാഹന വിൽപ്പന ശാലകളുടെ എണ്ണം ഇരട്ടിയാക്കാൻ ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊ. അടുത്ത മാർച്ചോടെ വിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം 300 ആക്കി ഉയർത്താനാണു കമ്പനിയുടെ പദ്ധതി. രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ മേഖലകളിലെ സാന്നിധ്യം ശക്തമാക്കാനാണു ലക്ഷ്യമിടുന്നതെന്നും പിയാജിയൊ വ്യക്തമാക്കി. ഗീയർ രഹിത സ്കൂട്ടറുകളായ ‘വെസ്പ’, ‘എസ് ആർ 150’ എന്നിവയാണു കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്.
നിലവിലെ വിൽപ്പന നിലവാരം പരിഗണിക്കുമ്പോൾ മഹാരാഷ്ട്രയിലെ ബാരാമതിയിലെ ശാലയുടെ ശേഷി പൂർണമായി വിനിയോഗിക്കാനും കമ്പനിക്കു സാധിച്ചിട്ടില്ല. പ്രതിവർഷം ഒന്നര ലക്ഷം യൂണിറ്റാണ് ഈ ശാലയുടെ ഉൽപ്പാദന ശേഷി. മൊഡ്യൂലാർ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ ശാലയുടെ ശേഷി ഇഷ്ടാനുസരണം വർധിപ്പിക്കാനാവുമെന്നും പിയാജിയൊ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ ഡിയഗൊ ഗ്രാഫിവെളിപ്പെടുത്തി.
സ്കൂട്ടറുകൾക്കു പുറമെ ത്രിചക്ര വാഹന, കാരി ട്രക്ക് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു പിയാജിയൊയുടെ പദ്ധതി. 800 സി സിക്കു മുകളിൽ എൻജിൻ ശേഷിയുള്ള പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ സാന്നിധ്യമുള്ള കമ്പനിക്ക് ഇടത്തരം വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനും പരിപാടിയില്ല.