ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ പിയാജിയൊ ഗ്രൂപ് ‘വെസ്പ 946 എംപോറിയൊ അർമാനി’യും വെസ്പയുടെ 70—ാം വാർഷികം പ്രമാണിച്ചുള്ള പ്രത്യേക പതിപ്പും ഇന്ത്യയിൽ അവതരിപ്പിച്ചു. ‘946 എംപോറിയൊ അർമാനി’ക്ക് 12,04,970 രൂപയാണു പുണെയിലെ ഷോറൂമിൽ വില; ‘വെസ്പ’യുടെ 70—ാം വാർഷികം പ്രമാണിച്ചുള്ള പ്രത്യേക പതിപ്പിന്റെ വില 96,500 രൂപയാണ്. വിദേശത്തു നിർമിച്ച് ഇറക്കുമതി വഴി ഇന്ത്യയിലെത്തുന്ന ‘വെസ്പ 946 എംപോറിയൊ അർമാനി’ പിയാജിയൊ ഗ്രൂപ്പിന്റെ വിപണന ശൃംഖലയായ മോട്ടോപ്ലക്സുകൾ വഴിയാണു വിൽക്കുന്നത്. ‘വെസ്പ’യുടെ 70—ാം വാർഷിക പതിപ്പ് ഇന്ത്യയിൽ തന്നെ നിർമിച്ച് രാജ്യത്തെ ‘വെസ്പ’ ഷോറൂമുകൾ വഴി വിൽപ്പനയ്ക്കെത്തും.
ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ജോർജിയൊ അർമാനിയുമായി സഹകരിച്ചാണു പിയാജിയൊ ‘വെസ്പ 946 എംപോറിയൊ അർമാനി’ വികസിപ്പിച്ചത്. അലൂമിനിയം സിലിണ്ടർ ബ്ലോക്കുകളും ബ്രൗൺ ലതർ ഫിനിഷിങ്ങും ആഡംബര അക്സസറികളും ഇലക്ട്രോണിക് റൈഡിങ് കൺട്രോളുമൊക്കെയാണു സ്കൂട്ടറിലുള്ളത്; അത്യാധുനിക ഇന്റർനെറ്റ് സംവിധാനങ്ങളുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്ന ഇലക്ടോരണിക് ഉപകരണങ്ങളാണു ‘വെസ്പ 946 എംപോറിയൊ അർമാനി’യിലുള്ളത്. മികച്ച സുരക്ഷയ്ക്കായി 220 എം എം ഇരട്ട ഡിസ്ക് ബ്രേക്ക്, ഇരട്ട ചാനൽ എ ബി എസ് ബ്രേക്കിങ് സംവിധാനം, വലുപ്പമേറിയ 12 ഇഞ്ച് വീൽ എന്നിവയും സ്കൂട്ടറിലുണ്ട്.
ആഗോളതലത്തിൽ ഇതിഹാസ മാനങ്ങൾ കൈവരിച്ച രണ്ട് ഇറ്റാലിയൻ ബ്രാൻഡുകളുടെ സമാഗമമാണു ‘വെസ്പ 946 എംപോറിയൊ അർമാനി’യെന്നു പിയാജിയൊ വെഹിക്കിൾസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സ്റ്റെഫാനൊ പെല്ലി അഭിപ്രായപ്പെട്ടു. ആഡംബര സമൃദ്ധമായ വാഹനത്തിന്റെ ആകർഷണം തിരിച്ചറിയാൻ കഴിവുള്ള ഇന്ത്യൻ ഇടപാടുകാർക്കായി ഈ സ്കൂട്ടർ അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെസ്പയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ചാണു പിയാജിയൊ ഗ്രൂപ് ‘വെസ്പ വി എക്സ് എല്ലി’ന്റെ പ്രത്യേക പതിപ്പ് അവതരിപ്പിക്കുന്നത്.
സവിശേഷമായ ‘ആസുറൊ 70’ നിറത്തിലാണു സ്കൂട്ടർ വിൽപ്പനയ്ക്കെത്തുക. വെള്ള തുന്നലോടെ 70—ാം വാർഷിക ലോഗോ പതിച്ച ബ്രൗൺ ലതർ പാറ്റേൺ സീറ്റ്, ഫ്ളൈ സ്ക്രീൻ, ക്രോം റിയർ കാരിയർ, പില്യൻ ഫുട്സ്റ്റെപ് സഹിതം ക്രോം പെരിമീറ്റർ ഗാർഡ്, ഗ്ലോസി ഡസ്റ്റ് ഗ്രേ അലോയ് വീൽ, ഗ്ലൗ ബോക്സിൽ വെസ്പ 70—ാം വാർഷിക ലോഗോ എന്നിവയും സ്കൂട്ടറിലുണ്ട്. സ്കൂട്ടറുകളുടെ ചരിത്രം തിരുത്തിയ ഇതിഹാസ മോഡലിനുള്ള ആദരമാണ് ‘വെസ്പ 70—ാം വാർഷിക പതിപ്പി’ലൂടെ കമ്പനി പ്രകടിപ്പിക്കുന്നതെന്നു പെല്ലി വിശദീകരിച്ചു. ഇറ്റാലിയൻ രൂപകൽപ്പന, സംസ്കാരം, പാരമ്പര്യം തുടങ്ങിയവയുടെ സമന്വയമാണ് ഈ സ്കൂട്ടറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.