കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച 125 സി സി സ്കൂട്ടറായ ‘നോട്ട്’ അടുത്ത മാസം വിൽപ്പനയ്ക്കെത്തുമെന്ന് ഇറ്റാലിയൻ നിർമാതാക്കളായ വെസ്പ. ഡൽഹി ഷോറൂമിൽ 70,825 രൂപ വിലയ്ക്കാവും ‘വെസ്പ നോട്ട് 125’ ലഭിക്കുക. ഈ നിലവാരത്തിൽ വെസ്പയുടെ ഇന്ത്യൻ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ സ്കൂട്ടറുമാവും ‘നോട്ട്’.
ഔദ്യോഗിക അവതരണം സംബന്ധിച്ചു വെസ്പ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും കമ്പനി ഡീലർമാർ ‘നോട്ടി’നുള്ള ബുക്കിങ് സ്വീകരിക്കുന്നുണ്ട്. 5,000 രൂപ അഡ്വാൻസ് നൽകി സ്കൂട്ടർ ബുക്ക് ചെയ്യുന്നവർക്ക് അടുത്ത മാസം ആദ്യത്തോടെ ‘നോട്ട് 125’ കൈമാറാനാവുമെന്നാണു ഡീലർമാരുടെ പ്രതീക്ഷ.
പിയാജിയൊയുടെ ആഗോള ശ്രേണിയിലെ ‘ജി ടി എസ് സൂപ്പർ നോട്ട് 125’ ആണു ‘വെസ്പ നോട്ട് 125’ സ്കൂട്ടറിനു പ്രചോദനം. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ വെസ്പയുടെ 125 സി സി വിഭാഗത്തിലെ അടിസ്ഥാന മോഡലാണ് ഈ സ്കൂട്ടറിന് അടിത്തറയാവുന്നത്.
ഇറ്റാലിയനിൽ രാത്രി എന്ന് അർഥം വരുന്ന ‘നോട്ട്’ എന്ന വാക്കിൽ നിന്നാണു വെസ്പ പുതിയ സ്കൂട്ടറിന്റെ പേര് കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ‘നോട്ടി’ൽ കറുപ്പിന്റെ അതിപ്രസരവുമാണ്; മാറ്റ് ബ്ലാക്ക് പെയിന്റിനൊപ്പം മിറർ, അലോയ് വീൽ, സീറ്റ് തുടങ്ങിയവയൊക്കെ കറുപ്പ് നിറത്തിലാണ്. തിളക്കമാർന്ന നിറങ്ങളോടെയാണ് വെസ്പ ശ്രേണിയിലെ മറ്റു സ്കൂട്ടറുകൾ എത്താറുള്ളത് എന്നതു പരിഗണിക്കുമ്പോൾ ‘നോട്ട്’ തീർത്തും വ്യത്യസ്തമാണ്.
മികവു തെളിയിച്ച 125 സി സി എയർ കൂൾഡ് എൻജിനാണു ‘നോട്ടി’നും കരുത്തേകുക; ‘വെസ്പ 125’, ‘ഏപ്രിലിയ എസ് ആർ 125’ സ്കൂട്ടറിലുള്ളതും ഇതേ എൻജിനണ്. സി വി ടി ട്രാൻസ്മിഷനോടെ എത്തുന്ന എൻജിന് പരമാവധി 10 ബി എച്ച് പി കരുത്തും 10.6 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ട്യൂബ്രഹിത ടയർ, പരിഷ്കരിച്ച സീറ്റ് തുടങ്ങിയവയൊക്കെ സ്കൂട്ടറിലുണ്ട്.
ഇന്ത്യയിൽ ടി വി എസ് ‘എൻ ടോർക് 125’, ഹോണ്ട ‘ഗ്രാസ്യ’, സുസുക്കി ‘ബർഗ്മാൻ 125’ തുടങ്ങിയവയോടാവും വെസ്പ ‘നോട്ടി’ന്റെ പോരാട്ടം.