കേന്ദ്ര സർക്കാർ നിർദേശം പാലിച്ച് ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)ത്തോടെ വിപണിയിലെത്തുന്ന ആദ്യ സ്കൂട്ടറുകളാവാൻ പിയാജിയൊ ‘വെസ്പ 150’, ‘ഏപ്രിലിയ എസ് ആർ 150’ എന്നിവ ഒരുങ്ങുന്നു. 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള ഇരുചക്ര വാഹനങ്ങൾക്ക് അടുത്ത ഏപ്രിൽ ഒന്നു മുതലാണു കേന്ദ്ര സർക്കാർ എ ബി എസ് നിർബന്ധമാക്കിയിരിക്കുന്നത്. പുതിയ വ്യവസ്ഥ മോട്ടോർ സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും ബാധകമാണെങ്കിലും ഇതുവരെ ബൈക്കുകൾ മാത്രമാണ് എ ബി എസ് സഹിതം വിൽപ്പനയ്ക്കെത്തിയത്.
എന്നാൽ നിയമപരമായ ബാധ്യത പാലിക്കാൻ ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊയുടെ ‘വെസ്പ 150’, ‘ഏപ്രിലിയ എസ് ആർ 150’ എന്നിവ തയാറെടുക്കുന്നുണ്ടെന്നാണു സൂചന. ഇവയുടെ ഔപചാരിക അവതരണം സംബന്ധിച്ച് പ്രഖ്യാപനമൊന്നും പിയാജിയൊ നടത്തിയിട്ടില്ല. എങ്കിലും ഇതാദ്യമായാണ് ഇന്ത്യൻ വിപണിയിലുള്ള ഏതെങ്കിലും സ്കൂട്ടർ എ ബി എസ് സഹിതം വിൽപ്പനയ്ക്കെത്തുന്നതെന്ന സവിശേഷതയുണ്ട്.
ഇപ്പോൾ തന്നെ മുന്നിൽ ഡിക്സ് ബ്രേക്കോടെയാണ് ഈ സ്കൂട്ടറുകൾ വിൽപ്പനയ്ക്കെത്തുന്നത്; പിന്നിൽ ഡ്രം ബ്രേക്കും. ഇരു സ്കൂട്ടറുകളിലും സിംഗിൾ ചാനൽ എ ബി എസാണു പിയാജിയൊ ഘടിപ്പിക്കുകയെന്നാണു സൂചന. മുൻചക്രത്തിൽ മാത്രമാണു സിംഗിൾ ചാനൽ എ ബി എസിന്റെ സ്വാധീനമുണ്ടാവുക; പെട്ടെന്നു ബ്രേക്ക് പ്രയോഗിക്കുന്ന സാഹചര്യത്തിൽ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവാതെ സൂക്ഷിക്കുകയാണ് എ ബി എസിന്റെ ദൗത്യം. എ ബി എസ് ഘടിപ്പിക്കുന്നതോടെ വാഹന വിലയിൽ 5,000 മുതൽ 7,000 രൂപയുടെ വരെ വർധനയാണു പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം 125 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങളിൽ കോംബി ബ്രേക്ക് സംവിധാന(സി ബി എസ്)വും കേന്ദ്ര സർക്കാർ നിർബന്ധമാക്കുന്നുണ്ട്. പ്രയോഗിക്കുന്നത് ഏതു ബ്രേക്കായാലും അതിന്റെ സ്വാധീനം മുൻ പിൻ ചക്രങ്ങളിൽ തുല്യമായി വിതരണം ചെയ്യുന്ന സംവിധാനമാണ് സി ബി എസ്. ബേക്ക് പ്രയോഗിച്ചാൽ വാഹനം നിശ്ചലമാവാനുള്ള ദൂരപരിധി കുറച്ച് സുരക്ഷ മെച്ചപ്പെടുത്തുകയാണ് സി ബി എസിന്റെ ദൗത്യം. ഏപ്രിൽ ഒന്നു മുതലാണ് ഇന്ത്യയിൽ വിൽക്കുന്ന ഇരുചക്രവാഹനങ്ങളിൽ സി ബി എസും നിർബന്ധമാക്കുന്നത്.