ഇളയദളപതി വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു തുപ്പാക്കി. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത് 100 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു വില്ലനായി എത്തിയ വിദ്യുത് ജാംവാൽ. ബില്ല 2, കമാന്റോ, അഞ്ചാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച വിദ്യുത് സൂപ്പർ ബൈക്ക് സ്വന്തമാക്കിയിരിക്കുന്നു.
ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ ഡ്യുക്കാറ്റിയുടെ നിരയിലെ സൂപ്പർ താരമായ ഡയവെല്ലിനെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കരുത്തും സൗന്ദര്യവും ഒരുപോലെ ഒത്തു ചേർന്ന ബൈക്ക് സൂപ്പർബൈക്ക് പ്രേമികളുടെ ഇഷ്ട ബൈക്കാണ്. 1198.4 സിസി എൽ ട്വിൻ എൻജിനുള്ള ഡയവെൽ 9250 ആർപിഎമ്മിൽ 162 ബിഎച്ച്പി കരുത്തുണ്ട്. 8000 ആർപിഎമ്മിൽ 130.5 എൻഎമ്മാണ് ടോർക്ക്. പൂജ്യത്തിൽനിന്നു 100ൽ എത്താൻ വെറും 2.6 സെക്കന്റ് സമയം മാത്രം ആവശ്യമുള്ള ബൈക്കിന്റെ എക്സ്ഷോറൂം വില എകദേശം 19 ലക്ഷം രൂപയാണ്.