വൈദ്യുത വാഹന നിർമാണത്തിൽ യു എസിലെ ടെസ്‌ലയുമായുള്ള മത്സരം ശക്തമാക്കാൻ ജർമനിയിലെ ഡെയ്മ്‌ലർ ഒരുങ്ങുന്നു. യു എസിലെ അലബാമ ശാലയിൽ നിന്ന് മെഴ്സിഡീസ് ബെൻസ് ശ്രേണിയിലെ വൈദ്യുത വാഹനങ്ങൾ നിർമിക്കാൻ 100 കോടി ഡോളർ(ഏകദേശം 6,488 കോടി രൂപ) നിക്ഷേപിക്കാനാണു ഡെയ്മ്‌ലറിന്റെ നീക്കം. ആഗോളതലത്തിൽ കമ്പനിയുടെ അഞ്ചാമത് ബാറ്ററി നിർമാണശാല പ്രവർത്തനക്ഷമമാവുന്നതോടെ മേഖലയിൽ അറുനൂറോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവുമെന്നാണു ഡെയ്മ്ലറിന്റെ പ്രതീക്ഷ.
ടെസ്‌ലയുടെ ‘മോഡൽ എക്സി’നെ നേരിടാൻ ബാറ്ററിയിൽ ഓടുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളാവും ഡെയ്മ്‌ലർ അലബാമ ശാലയിൽ നിർമിക്കുക. ഇതോടെ യു എസിൽ പ്ലഗ് ഇൻ മോഡലുകൾ നിർമിക്കുന്ന ആദ്യ യൂറോപ്യൻ കമ്പനിയായും സ്റ്റുട്ഗർട് ആസ്ഥാനമായ ഡെയ്മ്ലർ മാറും. അലബാമയിലെ ടസ്കലൂസയിലുള്ള ശാല 20—ാം വാർഷികാഘോഷത്തോടനുബന്ധിച്ചാണു പ്രവർത്തനം വിപുലീകരിക്കാനുള്ള തീരുമാനമെന്നു പ്രൊഡക്ഷൻ മേധാവി മാർകസ് ഷീഫർ വ്യക്തമാക്കിയിരുന്നു.
യഥാർഥത്തിൽ ടെസ്‌ലയെ സ്വന്തം തട്ടകത്തിൽ നേരിടുകയാണു ലക്ഷ്യമെങ്കിലും അമേരിക്കയിൽ ധാരാളം ജർമൻ കാറുകൾ വിറ്റഴിയുന്നുണ്ടെന്ന യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വിമർശനത്തെ മയപ്പെടുത്താനെന്ന മട്ടിലാണു ഡെയ്മ്‌ലർ പുതിയ നിക്ഷേപം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ വിൽപ്പനയിൽ ടെസ്‌ലയുടെ ‘മോഡൽ എസ്’ സെഡാൻ ബി എം ഡബ്ല്യു ‘സെവൻ സീരീസി’നെയും മെഴ്സീഡിസ് ‘എസ് ക്ലാസി’നെയും പിന്തള്ളിയിരുന്നു. ഇതോടെയൊണു ജർമൻ ആഡംബര കാർ നിർമാതാക്കൾ ടെസ്‌ലയിൽ നിന്നും വൈദ്യുത വാഹനങ്ങളിൽ നിന്നുമുള്ള യഥാർഥ ഭീഷണി തിരിച്ചറിഞ്ഞത്.
യു എസിൽ വരുംവർഷങ്ങളിലും വൈദ്യുത വാഹന വിൽപ്പന കുതിച്ചുയരുമെന്ന യാഥാർഥ്യം ഉൾക്കൊണ്ടാണ് ഡെയ്മ്ലർ ഇപ്പോൾ വൻനിക്ഷേപം നടത്തുന്നത്. 2021 ആകുമ്പോഴേക്ക് യു എസിലെ വൈദ്യുത വാഹനവിൽപ്പന 2016നെ അപേക്ഷിച്ച് നാലിരട്ടിയായി വളരുമെന്നാണു പ്രവചനം; കഴിഞ്ഞ വർഷം 6.43 ലക്ഷമായിരുന്നു യു എസിലെ വൈദ്യുത വാഹന വിൽപ്പന. 2030ൽ യു എസ് വിപണയുടെ മൂന്നിലൊന്നും വൈദ്യുത വാഹനങ്ങൾ കയ്യടക്കുമെന്നാണു പ്രതീക്ഷ.