ഒഴുക്കുള്ള നദിക്ക് കുറുകെ കടന്ന് ടാറ്റ ഹെക്സ

Image Captured From Youtube Video

എംയുവി സെഗ്മെന്റിലേക്ക് ടാറ്റ അടുത്തിടെ പുറത്തിറക്കിയ വാഹനമാണ് ഹെക്സ. മികച്ച സ്റ്റൈലും ഫീച്ചറുകളുമായി എത്തിയ ഹെക്സയുടെ മികവ് തെളിയിക്കാൻ പല വഴികളും ടാറ്റ പരീക്ഷിക്കാറുണ്ട്. നേരത്തെ 41,413 കിലോഗ്രാം ഭാരമുള്ള  ബോയിങ് 737–800 വിമാനത്തെ വലിച്ച് ടാറ്റയുടെ പ്രീമിയം ക്രോസ്ഓവറായ ഹെക്സ റെക്കോർഡിട്ടിരിക്കുന്നു. ഇപ്പോൾ ഒഴുക്കുള്ള നദിക്ക് കുറുകെ അനായാസം കടക്കുന്ന ഹെക്സയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.

ഹെക്സ നദിയിലൂടെ സഞ്ചരിക്കുന്ന മൂന്നു വിഡിയോകളാണ് യൂട്യൂബിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. എവിടെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. മുംബൈ മഴയിൽ കടപുഴകി വീണ മരത്തിന്റെ അടിയിൽ നിന്ന് രക്ഷപ്പെട്ട ഹെക്സയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ‌ ചർച്ചയായിരുന്നു. മുംബൈയിൽ ഹെക്സയ്ക്ക് മുകളിൽ കടപുഴകി വീണ ഭീമന്‍ മരത്തിന് കീഴില്‍ ഈ എസ്‌യുവി തകര്‍ന്നടിഞ്ഞുവെന്നാണ് ആദ്യം കരുതിയതെങ്കിലും ഫലം തികച്ചും വ്യത്യസ്തമായിരുന്നു. 

രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളിൽ ഹെക്സ ലഭ്യമാണ്. മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭിക്കുന്ന ‘ഹെക്സ എക്സ് ഇ’യിൽ 150 ബി എച്ച് പി കരുത്തു സൃഷ്ടിക്കുന്ന ‘വാരികോർ 320’ എൻജിന് അഞ്ചു സ്പീഡ് ട്രാൻസ്മിഷനാണ്.

ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെ ലഭിക്കുന്ന ‘ഹെക്സ എച്ച് എമ്മി’നു കരുത്തേകുക ‘വാരികോർ 400’ എൻജിനാണ്. 156 ബി എച്ച് പി വരെ കരുത്തു സൃഷ്ടിക്കും ഈ എൻജിൻ. ‘വാരികോർ 400’ എൻജിനുള്ള മുന്തിയ വകഭേദമായ ‘ഹെക്സ എക്സ് ടി’യിൽ ഫോർ ബൈ ടു ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയും ഫോർ ബൈ ഫോർ മാനുവൽ ട്രാൻസ്മിഷനോടെയും ലഭിക്കും. 11.99 ലക്ഷം മുതൽ 17.40 ലക്ഷം വരെയാണ് വില.