വാഹനം ഓടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുന്നതു നിയമലംഘനമാണെന്ന് അറിയാമെങ്കിലും അത് എത്രത്തോളം പ്രാവർത്തികമാക്കുന്നുണ്ട് എന്നത് ചോദ്യചിഹ്നം തന്നെയാണ്. ഡ്രൈവു ചെയ്യുമ്പോൾ മൊബൈൽ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുകൾ ചിലപ്പോഴൊക്കെ സൗകര്യപൂർവ്വം മറക്കാറാണു പതിവ്. ചെറുവാഹനങ്ങൾ ഓടിക്കുന്നവർ മാത്രമല്ല ബസ്, ലോറി ഡ്രൈവർമാരും ഈ നിയമം ബോധപൂർവം വിസ്മരിക്കാറുണ്ട്.
ഇത്തരത്തിൽ തിരുവനന്തപുരത്തു നിയമം ലംഘിച്ച് മൊബൈൽഫോണിൽ സംസാരിച്ചു ബസ് ഓടിച്ച യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും കിഴക്കേക്കോട്ടയിലേക്കു പോകുന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവർ തിരക്കുള്ള റോഡിലൂടെ മൊബൈലിൽ സംസാരിച്ചു ഡ്രൈവ് ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് സമൂഹ മാധ്യമങ്ങളിൽ വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ വൈറലായതോടെ ബസ് ഡ്രൈവർക്കെതിരെ നടപടി എടുക്കണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വാഹന ഉടമയെ വിളിപ്പിച്ചിട്ടുണ്ടെന്നും ഡ്രൈവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് അറിയിച്ചത്.
റോഡിലെ നിയമലംഘനം കണ്ടാൽ പൊതുജനത്തിന് ചെയ്യാവുന്നത്
കേരളത്തിലെ ട്രാഫിക്ക് നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ പരാതിപ്പെടാനായി മോട്ടോർ വാഹന വകുപ്പ് തേർഡ് ഐ എന്നൊരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ശ്രദ്ധയിൽപ്പെടുന്ന നിയമലംഘനങ്ങൾ തൊട്ടടുത്ത ആർടി ഓഫീസിലോ, പൊലീസിലോ നേരിട്ടു റിപ്പോർട്ട് ചെയ്യാവുന്നതാണ്. കൂടാതെ ഫോട്ടോ എടുത്ത് അതാതു സ്ഥലത്തെ ആർടിഒ അല്ലെങ്കിൽ ജോയിന്റ് ആർടിഒ എന്നിവരുടെ വാട്ട്സാപ് നമ്പറിലേക്ക് അയച്ചു കൊടുക്കുകയോ ചെയ്യാം.