Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കുട്ടി രക്ഷപെട്ടു! ഭാഗ്യം കൊണ്ടല്ല, ബ്രേക്ക് കൊണ്ട്

Image Capture from Youtube Video Image Capture from Youtube Video

സുരക്ഷിതമായ വാഹനം നിർമിക്കുന്നതിൽ പേരു കേട്ടവരാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ. വാഹനത്തിലെ യാത്രക്കാർക്ക് മാത്രമല്ല റോ‍ഡിലൂടെയുള്ള കാൽനടക്കാർക്കും വോൾവോ സുരക്ഷിതത്വം നൽകുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ എമർജെൻസി ബ്രേക്കിങ് വരെയുള്ള വോള്‍വോ ട്രക്ക് ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Volvo Emergency Braking Saves Child's Life

വോൾവോ എഫ്എച്ച് സീരിസ് ട്രക്കിന്റെ എമർജെൻസി ബ്രേക്കിങ് സിസ്റ്റത്തിന്റെ കഴിവ് കാണിക്കാൻ വോൾവോ തന്നെ ധാരാളം വിഡിയോ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇനി അത്തരത്തിലൊരു വിഡിയോയുടെ ആവശ്യമുണ്ടാകില്ല, കാരണം ഏത് പരസ്യം വി‍ഡിയോയേയും വെല്ലുന്ന പ്രകടനമാണ് വോൾവോ ഇവിടെ കാണിച്ചിരിക്കുന്നത്.

നോർവെയിലാണ് സംഭവം. ബസിൽ നിന്ന് ഇറങ്ങി റോഡിലേക്ക് ഓടിയ കുട്ടികൾക്ക് വോള്‍വോയുടെ ബ്രേക്കിങ് കാര്യക്ഷമതയിൽ ജീവൻ തിരിച്ചു കിട്ടിയത്. ബസിന്റെ പുറകിലൂടെ വാഹനങ്ങൾ നോക്കാതെ റോഡ് ക്രോസ് ചെയ്തോടുന്ന കുട്ടിയെ ഡ്രൈവർ കാണുന്നത് അവസാന നിമഷത്തിലാണ്. കണ്ടു നിന്നവരെല്ലാം കുട്ടി ട്രക്കിനടിയിൽ പെട്ടു എന്നാണ് കരുതുന്നതെങ്കിലും ഒരു പോറൽ പോലും ഏൽക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു.

എന്താണ് എമർജെൻസി ബ്രേക്കിങ് സിസ്റ്റം?

വോൾവോ എഫ്എച്ച് സീരീസ് ഹെവി ട്രക്കുകളിലുടെ അവതരിപ്പിച്ച സുരക്ഷ ഫീച്ചറാണ് എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. ക്യാമറ, റഡാര്‍ യൂണിറ്റ് എന്നിവ ചേര്‍ന്നാണ് എമര്‍ജന്‍സി ബ്രേക്ക് സിസ്റ്റം. മുന്നിലുള്ള വാഹനത്തിന്റെ വേഗത, അവ തമ്മിലുള്ള ദൂരം എന്നിവ പ്രത്യേക കംപ്യൂട്ടര്‍ സംവിധാനം മനസിലാക്കുന്നു. മുന്നിലുള്ള വാഹനത്തെ മാത്രമല്ല മറ്റേത് പ്രതിബന്ധത്തേയും തിരിച്ചറിയാൻ ഇതിന് സാധിക്കും. പ്രതിബന്ധ തിരിച്ചറിഞ്ഞ് ഡ്രൈവർ ബ്രേക്ക് അമർത്താൻ വൈകിയാൽ വാഹനം സ്വയം എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിപ്പിച്ച് അപകടം ഒഴിവാക്കും. കൂടാതെ സഡന്‍ ബ്രേക്കിടുമ്പോള്‍ പിന്നിലുള്ള വാഹനത്തിലെ ‍ഡ്രൈവര്‍ക്ക് അപായസൂചനയും ഈ സാങ്കേതിക വിദ്യ നൽകും.