വികസന പ്രവർത്തനങ്ങൾക്കായി ഇക്കൊല്ലം 400 കോടി രൂപ നീക്കിവയ്ക്കുമെന്നു വാണിജ്യ വാഹന നിർമാതാക്കളായ വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസ്(വി ഇ സി വി). മുൻവർഷത്തേതിനു സമാനമാവും ഇക്കൊല്ലത്തെയും മൂലധന ചെലവെന്നും കമ്പനി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള വാഹനങ്ങളുടെ വികസനത്തിനാണു പ്രധാനമായും പണം ചെലവഴിക്കുകയെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവും മാനേജിങ് ഡയറക്ടറുമായ വിനോദ് അഗർവാൾ വിശദീകരിച്ചു.
ഇടയ്ക്കു തിരിച്ചടി നേരിട്ടെങ്കിലും സെപ്റ്റംബറോടെ ഇന്ത്യയിലെ വിപണി വിഹിതം തിരിച്ചുപിടിക്കാൻ വി ഇ സി വിക്കു സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബറിൽ 33% ആയിരുന്നു കമ്പനിയുടെ വിപണി വിഹിതം; 2016 സെപ്റ്റംബറിൽ 33.7% ആയിരുന്നു വിപണി വിഹിതം. 12 — 15 ടൺ ഭാരവാഹക ശേഷിയുള്ള ട്രക്കുകളുടെ വിഭാഗമാണു മികച്ച വിൽപ്പന വളർച്ച കൈവരിക്കുന്നത്; 16 ടൺ ഹെവി ഡ്യൂട്ടി ട്രക്ക് വിഭാഗം ഉപേക്ഷിച്ചു പലരും ഈ മേഖലയിൽ കടക്കുന്നതാണു വിൽപ്പന മെച്ചപ്പെടുത്തുന്നതെന്നും അഗർവാൾ അഭിപ്രായപ്പെട്ടു.
‘പ്രോ 1000’, ‘പ്രോ 3000’ ശ്രേണികളുമായി ഈ വിഭാഗത്തിൽ മികച്ച സാന്നിധ്യമാണു വി ഇ സി വിക്കുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാന വിഭാഗത്തിൽ ‘പ്രോ 1000’ ശ്രേണിയും വാല്യൂ വിഭാഗത്തിൽ ‘പ്രോ 3000’ ശ്രേണിയുമാണ് ഇടം പിടിക്കുന്നത്. ലഘു, ഇടത്തരം ഡ്യൂട്ടി വിഭാഗത്തിൽ ഇ കൊമേഴ്സ് കമ്പനികളിൽ നിന്നുള്ള ആവശ്യം വിൽപ്പന മെച്ചപ്പെടുത്തുന്നുണ്ടെന്ന് അഗർവാൾ വിലയിരുത്തി. 4.9 ടൺ മുതൽ 16 ടൺ വരെ ഭാരവാഹകശേഷിയുള്ള മോഡലുകളുമായി ഈ വിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും ഐഷറിനു സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിൽപ്പനയിൽ 12.5% വളർച്ചയാണു വി ഇ സി വി കൈവരിച്ചത്. 2015 — 16ൽ 52,000 വാഹനങ്ങൾ വിറ്റത് കഴിഞ്ഞ സാമ്പത്തിക വർഷം 58,000 യൂണിറ്റായാണ് ഉയർന്നത്. പോരെങ്കിൽ വാഹന കയറ്റുമതിയിൽ റെക്കോഡ് നേട്ടം കൈവരിക്കാനും കമ്പനിക്കു കഴിഞ്ഞ; എണ്ണായിരത്തിലേറെ യൂണിറ്റായിരുന്നു വി ഇ സി വിയുടെ 2016 — 17ലെ കയറ്റുമതി.