ഇന്ത്യയിലെ മീഡിയം ഡ്യൂട്ടി ട്രക്ക് ശ്രേണിയിൽ ഐഷർ ഏഴ് സ്പീഡ് ട്രാൻസ്മിഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചു. ആദ്യ ഘട്ടത്തിൽ ഐഷർ ‘പ്രോ 3015’, ‘പ്രോ 1114 എക്സ് പി’ എന്നിവയിലാണ് ഏഴ് സ്പീഡ് ട്രാൻസ്മിഷൻ ലഭ്യമാവുക. ഡ്രൈവിങ്ക്ഷമത മെച്ചപ്പെടുത്താനും ഇന്ധനക്ഷമതയും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാനും ഡ്രൈവർമാരുടെ ആയാസം കുറയ്ക്കാനുമൊക്കെ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് ഐഷർ മോട്ടോറിന്റെ വാദം.പുതിയ നാലു സിലിണ്ടർ ‘ഇ 494’ എൻജിനൊപ്പമുള്ള ഏഴു സ്പീഡ് ‘ഇ ടി 50എസ് സെവൻ’ ഗീയർബോക്സിൽ ഏഴു ഫോർവേഡ് ഗീയറുകളും റിവേഴ്സ് ഗീയറുമാണുള്ളത്. ടോർക് തടസ്സപ്പെടാത്ത സുഗമമായ ഗീയർമാറ്റമാണു പുതിയ ട്രാൻസ്മിഷനിൽ ഐഷർ മോട്ടോർ വാഗ്ദാനം ചെയ്യുന്നത്.
മീഡിയം ഡ്യൂട്ടി ട്രക്ക് വിഭാഗത്തിൽ ഏഴ് സ്പീഡ് ഗീയർബോക്സ് എത്തുന്നതു വിപ്ലവകരമായ മാറ്റമാണെന്നു വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വിനോദ് അഗർവാൾ അഭിപ്രായപ്പെട്ടു. ഇന്ധനക്ഷമതയും പിക് അപ്പും ഡ്രൈവിങ് അനുഭവവുമൊക്കെ മെച്ചപ്പെടുത്താൻ ഈ പുതിയ സംവിധാനത്തിനു കഴിയും. വോൾവോ ഗ്രൂപ്പിന്റെ എൻജിൻ മാനേജ്മെന്റ് സംവിധാനവും മൈലേജ് ബൂസ്റ്റർ പ്ലസും ഫ്യുവൽ കോച്ചിങ്ങും ഓൺ ബോർഡ് ഡയഗ്നോസ്റ്റിക്സുമൊക്കെ ചേരുന്നതോടെ ഐഷറിന്റെ മീഡിയം ഡ്യൂട്ടി ശ്രേണി കൂടുതൽ കരുത്തുറ്റതാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പതിനാല് മുതൽ 15 ടൺ വരെ ഗ്രോസ് വെഹിക്ക്ൾ ഭാരമുള്ള വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഭാരവാഹക ശേഷി ഐഷറിനാണെന്നാണു കമ്പനിയുടെ വാദം; ഇതുവഴി കൂടുതൽ വരുമാനം നേടാനാവുമെന്നും കമ്പനി വിശദീകരിക്കുന്നു.