Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എസ് നാല്: ‘ഐഷർ പ്രോ 5000 സീരീസു’മായി ഐഷർ

eicher

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരമുള്ള വാണിജ്യ വാഹനങ്ങൾ ഐഷർ ട്രക്ക്സ് ആൻഡ് ബസസ് പുറത്തിറക്കി. 16 മുതൽ 40 ടൺ വരെ ഭാരവാഹക ശേഷിയുള്ള ‘ഐഷർ പ്രോ 5000 സീരീസി’ലെ വാഹനങ്ങളാണ് ബി എസ് നാല് നിലവാരത്തോടെ വിൽപ്പനയ്ക്കെത്തിയത്.  ഭാരവാഹകശേഷിയേറിയ വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കുന്നതിനൊപ്പം വാണിജ്യ വാഹന മേഖലയിലെ ആധുനികവൽക്കരണം കൂടിയാണുകമ്പനി ലക്ഷ്യമിടുന്നതെന്ന് വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസിന്റെ ഭാഗമായ ഐഷർ വിശദീകരിച്ചു.

വോൾവോ ഗ്രൂപ്പിന്റെ ഇ എം എസ് ത്രീയിൽ നിന്നുള്ള ഐ ത്രീ ഇ ജി ആർ ടെക്നോളജിയുടെ പിൻബലമുള്ള ഇ 694 എൻജിനാണ് ഐഷറിന്റെ ‘പ്രോ 5000 സീരീസി’ലെ പുതു ട്രക്കുകൾക്കു കരുത്തേകുന്നത്. ദൃഢതയിലും പ്രകടനക്ഷമതയിലും മുന്നിട്ടു നിൽക്കുന്ന എൻജിന് ഇന്റലിജന്റ് ഡ്രൈവർ ഇൻഫർമേഷൻ സംവിധാനത്തിന്റെയും പിന്തുണയുണ്ട്. ഇന്ധനക്ഷമതയേറുന്നതിനാൽ പ്രവർത്തന ചെലവ് കുറവാണെന്നതും മുതൽമുടക്കിനു കൂടുതൽ ലാഭം ഉറപ്പുനൽകുമെന്നതുമാണ് പുതിയ ‘പ്രോ 5000 സീരീസി’ന്റെ സവിശേഷതയെന്നും കമ്പനി അവകാശപ്പെടുന്നു.

‘പ്രോ 5000 സീരീസി’ന്റെ വരവോടെ ഹെവി ഡ്യൂട്ടി ട്രക്ക് വിഭാഗത്തിൽ ഏറ്റവും വിപുലമായ ശ്രേണി കമ്പനിക്കു സ്വന്തമായതായി വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വിനോദ് അഗർവാൾ വെളിപ്പെടുത്തി. അടിസ്ഥാന ഉപയോഗം മുതൽ വാല്യൂ, പ്രീമിയം വിഭാഗങ്ങളിലെ ആവശ്യങ്ങൾക്കു വരെ ഉതകുന്ന വ്യത്യസ്തവും വിഭിന്ന വിലകളിൽ ലഭിക്കുന്നതുമായ ട്രക്കുകൾ ‘പ്രോ 5000 സീരീസി’ന്റെ സവിശേഷതയാണ്. ഐ ത്രീ — ഇ ജി ആർ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ബി എസ് നാല് നിലവാരമുള്ള എൻജിനാണ് ഈ ശ്രേണിയുടെ മറ്റൊരു പ്രത്യേകതയെന്നും അദ്ദേഹം വിശദീകരിച്ചു.

വോൾവോ ഗ്രൂപ്പിന്റെ എൻജിൻ മാനേജ്മെന്റ് സിസ്റ്റ(ഇ എം എസ്)ത്തിന്റെ മൂന്നാം പതിപ്പ് അടിത്തറയാക്കിയാണ് ‘ഇ 694’ എൻജിൻ വികസിപ്പിച്ചിരിക്കുന്നത്. തികച്ചും മത്സരക്ഷമമായ വിലകളിൽ ക്രൂസ് കൺട്രോളും ഫ്യുവൽ കോച്ചിങ്ങുമൊക്കെ ഈ എൻജിനൊപ്പം കമ്പനി ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.