ഇന്ത്യയിൽ ഹെവി ഡ്യൂട്ടി ട്രക്കുകളുടെ വിൽപ്പന ഇക്കൊല്ലം 2.80 ലക്ഷം യൂണിറ്റ് പിന്നിടുമെന്നു വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസിനു പ്രതീക്ഷ. സാമ്പത്തികമാന്ദ്യം അകന്നതും അടിസ്ഥാന സൗകര്യ, കോർ മേഖലകളിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് ഹെവി ഡ്യൂട്ടി ട്രക്ക് വിൽപ്പനയ്ക്ക് ഉണർവേകുന്നതെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിനോദ് അഗർവാൾ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ നേടുന്ന വളർച്ചയും വൻതോതിലുള്ള നിക്ഷേപങ്ങങ്ങളും പരിഗണിക്കുമ്പോൾ ഹെവി ഡ്യൂട്ടി ട്രക്ക് വിഭാഗത്തിൽ ഇക്കൊല്ലം തകർപ്പൻ വിൽപ്പന പ്രതീക്ഷിക്കാം. സാമ്പത്തിക വർഷാവസാനത്തോടെ വിൽപ്പന 2.80 ലക്ഷം യൂണിറ്റ് പിന്നിട്ടേക്കാമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.റോഡ്, തുറമുഖ, ഖനനം, റയിൽവേ, സ്മാർട് സിറ്റി തുടങ്ങി അടിസ്ഥാന സൗകര്യ വികസന — കോർ മേഖലകളിൽ കേന്ദ്ര സർക്കാർ കനത്ത നിക്ഷേപം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സമ്പദ്വ്യവസ്ഥ കാര്യമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹെവി ഡ്യൂട്ടി ട്രക്ക് വിൽപ്പനയിലും കാര്യമായ വളർച്ച ദൃശ്യമാവുമെന്ന് ‘ഐഷർ പ്രോ 6037’ ട്രക്ക് അവതരണ ചടങ്ങിൽ അഗർവാൾ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ സാമ്പത്തിക വർഷം 2.28 ലക്ഷത്തോളം ഹെവി ഡ്യൂട്ടി ട്രക്കുകളാണ് ഇന്ത്യയിൽ വിറ്റുപോയത്; മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനത്തോളം അധികമാണിത്. സമ്പദ്വ്യവസ്ഥ മെച്ചപ്പെടുന്ന സാഹചര്യത്തിൽ ലൈറ്റ് — മീഡിയം ഡ്യൂട്ടി ട്രക്ക് വിൽപ്പനയിലും കാര്യമായ മുന്നേറ്റമുണ്ടാവുമെന്ന് അഗർവാൾ പ്രതീക്ഷ പ്രകടിപ്പിച്ചു.