Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമൻസ് കാർ ഓഫ് ദ് ഇയർ ആയി വോൾവോ എക്സ് സി 40

New Volvo XC40 T5 plug-in hybrid XC 40

വനിതകളുടെ ഇഷ്ട കാറായി വോൾവോ എക്സ് സി 40 തിരഞ്ഞെടുക്കപ്പെട്ടു. അവസാന റൗണ്ടിൽ ജഗ്വാർ ‘ഇ പെയ്സ്’, ‘ഐ പെയ്സ്’ പോർഷെ ‘കയീൻ’, പ്യൂഷൊ ‘508’,വോൾവോ ‘എക്സ് സി 40’, ബി എം ഡബ്ല്യു ‘എക്സ് ടു’ എന്നിവയെ പിന്തള്ളിയാണ് വോൾവോയുടെ ‘എക്സ് സി 40’ 2018ലെ  ‘വിമൻസ് വേൾഡ് കാർ ഓഫ് ദ് ഇയർ’ (ഡബ്ല്യ്യു ഡബ്ല്യു സി ഒ ടി വൈ 2018) ബഹുമതി സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്നുള്ള രേണുക കൃപലാനിയടക്കം 27രാജ്യങ്ങളിൽ നിന്നുള്ള 34 മുൻനിര വനിതാ മോട്ടോറിങ് മാധ്യമ പ്രവർത്തകർ ഉൾപ്പെടുന്ന സമിതിയാണു വിധിനിർണയം നടത്തിയത്.

വനിതകളുടെ ഇഷ്ട കാർ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ സെപ്റ്റംബറിലാണ് അന്തിമ ഘട്ടത്തിൽ പ്രവേശിച്ചത്. തുടർന്ന് വിപണിയിലെ പ്രവണതകളും വാഹന ലഭ്യതയുമൊക്കെ പ്രതിഫലിക്കുന്ന പുത്തൻ വോട്ടെടുപ്പിനൊടുവിലാണ് വോൾവോ ‘എക്സ് സി 40’ തിരഞ്ഞെടുക്കപ്പെട്ടത്. നേരിയ വ്യത്യാസത്തിലാണ് ‘എക്സ് സി 40’ പ്രധാന എതിരാളിയായ ‘ഇ പെയ്സി’നെ പിന്തള്ളിയതെന്നു ഫലങ്ങൾ വ്യക്മാക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നിരത്തിലെത്തിയ ‘എക്സ് സി 40’ വോൾവോയെ സംബന്ധിച്ചിടത്തോളം മികച്ച വിൽപ്പനയാണു നേടുന്നത്. ജനീവ മോട്ടോർ ഷോയിൽ ‘യൂറോപ്യൻ കാർ ഓഫ് ദ് ഇയർ 2018’ പുരസ്കാരവും ‘എക്സ് സി 40’ സ്വന്തമാക്കിയിരുന്നു.

ഡബ്ല്യു ഡബ്ല്യു സി ഒ ടി വൈ പാനലിസ്റ്റായിരുന്ന ഹോളി റീച്ചിന്റെ സ്മരണാർഥമുള്ള ‘ഹോളി റീച്ച് ഡ്രീം കാർ അവാർഡി’ന് ആസ്റ്റിൻ മാർട്ടിൻ ‘വാന്റേജ്’ അർഹമായി. വിധി നിർണയ സമിതിയുടെ സ്വപ്നങ്ങൾ പൂർണമായും സാക്ഷാത്കരിക്കുന്ന വിധത്തിലുള്ള കാറിനാണ് ഈ അംഗീകാരം നൽകാറുള്ളത്. വാഹന വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ അംഗീകാരം അർഹിക്കുന്നവർക്കായുള്ള പുതിയ അവാർഡിനും ഇത്തവണ തുടക്കമായിട്ടുണ്ട്. ജഗ്വാർ ലാൻഡ് റോവറിൽ കസ്റ്റമർ എക്സ്പീരിയൻസ് ഡയറക്ടറായ ഫിയോന പാർഗെറ്റർക്കാണ് ആദ്യത്തെ ‘വുമൻ ഓഫ് വർത്ത്’ ബഹുമതി. 

വർഷം തോറുമുള്ള ‘വിമൻസ് വേൾഡ് കാർ ഓഫ് ദ് ഇയർ’ അവാർഡുകൾക്ക് 2009ലാണു തുടക്കമായത്. മുൻവർഷങ്ങളിൽ ഹ്യുണ്ടേയ് ‘ഐകോണിക്’ (2017), ജഗ്വാർ ‘എഫ് പേസ്’(2016), വോൾവോ ‘എക്സ് സി 90’(2015), മെഴ്സീഡിസ് ബെൻസ് ‘എസ് ക്ലാസ്’(2014), ഫോഡ് ‘ഫിയസ്റ്റ ഇകോ ബൂസ്റ്റ്’(2013) തുടങ്ങിയ കാറുകളാണ് ‘വിമൻസ് കാർ ഓഫ് ദ് ഇയർ’ ബഹുമതി സ്വന്തമാക്കിയത്.