Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2022 വരെ വോൾവോയെ നയിക്കാൻ സാമുവൽസൻ

volvo-logo

വോൾവോ കാഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും പ്രസിഡന്റുമായ ഹാകൻ സാമുവൽസന്റെ സേവനം രണ്ടു വർഷത്തേക്കു കൂടി നീട്ടി. ഇതോടെ 2022 വരെ സ്വീഡനിൽ നിന്നു തന്നെയുള്ള സാമുവൽസൻ ചൈനീസ് ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോ കാഴ്സിന്റെ നേതൃസ്ഥാനത്തു തുടരുമെന്ന് ഉറപ്പായി. 

ആറു വർഷം മുമ്പ് 2012ലാണു സാമുവൽസൻ വോൾവോയ്ക്കൊപ്പം ചേർന്നത്. തുടർന്നു പ്രീമിയം വിഭാഗത്തിൽ വോൾവോ കാഴ്സിനെ ശക്തമായ സാന്നിധ്യം നേടിയെടുക്കുന്നതിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്. സ്വയം വികസിപ്പിച്ച പ്ലാറ്റ്ഫോമും പവർ ട്രെയ്നും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിജയം വരിച്ചു.  സാമുവൽസന്റെ കാലാവധി നീട്ടിയതോടെ കമ്പനി മാനേജ്മെന്റിന്റെ തുടർച്ചയും വോൾവോ കാഴ്സ് ഉറപ്പാക്കി. ഇതുവഴി ആഗോളതലത്തിൽ സാന്നിധ്യവും തികഞ്ഞ വൈവിധ്യവുമുള്ള മൊബിലിറ്റി സർവീസ് പ്രൊവൈഡറായി മാറുകയാണു കമ്പനി ലക്ഷ്യമിടുന്നത്.

വോൾവോ കാഴ്സിനെ നയിക്കുന്നതു താൻ ആസ്വദിക്കുന്നുണ്ടെന്നും കമ്പനിയുടെ പരിവർത്തനത്തിനു നേതൃത്വം നൽകാൻ വീണ്ടും അവസരം ലഭിച്ചതിൽ ആഹ്ലാദമുണ്ടെന്നുമായിരുന്നു സാമുവൽസന്റെ പ്രതികരണം. അടുത്ത ദശാബ്ദത്തിന്റെ മധ്യത്തോടെ വോൾവോ കാർ ഉടമകളുടെ എണ്ണം 50 ലക്ഷമാക്കി ഉയർത്താനാണു പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.