വൈദ്യുത എസ് യു വിക്കു ബി എം ഡബ്ല്യു ‘ഐ’ ശ്രേണി

BMW i3

വൈദ്യുത വാഹനങ്ങൾക്കുള്ള ഉപബ്രാൻഡായ ‘ഐ’ ശ്രേണി വിപുലീകരിക്കാൻ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു നടപടി തുടങ്ങി. ‘ഐ’ക്കൊപ്പം പ്രകടനക്ഷമതയേറിയ കാറുകൾക്കായി തുടക്കമിട്ട ‘ഐ പെർഫോമൻസ്’ ഉപബ്രാൻഡും ബി എം ഡബ്ല്യു വിപുലമാക്കുന്നുണ്ട്. ഈ ശ്രേണികളിലെ ഭാവി മോഡലുകൾക്ക് ഉപയോഗിക്കാനായി ഒട്ടേറെ വ്യാപാര നാമങ്ങളുടെ പകർപ്പവകാശം ബി എം ഡബ്ല്യു സ്വന്തമാക്കിയിട്ടുമുണ്ട്. 

‘ഐ എക്സ് വൺ’, ‘ഐ എക്സ് ടു’, ‘ഐ എക്സ് ത്രീ’, ‘ഐ എക്സ് ഫോർ’, ‘ഐ എക്സ് ഫൈവ്’, ‘ഐ എക്സ് സിക്സ്’, ‘ഐ എക്സ് സെവൻ’, ‘ഐ എക്സ് എയ്റ്റ്’, ‘ഐ എക്സ് നയൻ’ എന്നീ പേരുകളുടെ പകർപ്പവകാശമാണു ബി എം ഡബ്ല്യു നേടിയത്. നിലവിലുള്ള നാമകരണ രീതി തന്നെയാണു പിന്തുടരുന്നതെങ്കിൽ ബാറ്ററി കരുത്തേകുന്ന സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്കാവും ബി എം ഡബ്ല്യു ഈ പേരുകൾ ഉപയോഗിക്കുക.

ഭാവി മോഡലുകൾക്കുള്ള പേരുകളുടെ പകർപ്പവകാശം മുൻകൂട്ടി സ്വന്തമാക്കുന്നതു ബി എം ഡബ്ല്യുവിന്റെ പതിവാണ്; ‘ഐ വൺ’, ‘ഐ ടു’, ‘ഐ ത്രീ’, ‘ഐ ഫോർ’, ‘ഐ ഫൈവ്’, ‘ഐ സിക്സ്’, ‘ഐ സെവൻ’, ‘ഐ എയ്റ്റ്’, ‘ഐ നയൻ’ തുടങ്ങിയ പേരുകൾ ഉപയോഗിക്കാനുള്ള അവകാശം 2010ൽ തന്നെ കമ്പനി സ്വന്തമാക്കിയിരുന്നു. ഇതിൽ ‘ഐ ത്രീ’യും ‘ഐ എയ്റ്റും’ മൂന്നു വർഷം കൂടി കഴിഞ്ഞാണ് അരങ്ങേറിയത്. ഇതിന പുറമെ ‘ഇ വൺ’, ‘ഇ ടു’, ‘ഇ ത്രീ’, ‘ഇ ഫോർ’, ‘ഇ ഫൈവ്’, ‘ഇ സിക്സ്’, ‘ഇ സെവൻ’, ‘ഇ എയ്റ്റ്’, ‘ഇ നയൻ’ എന്നീ പേരുകളുടെ പകർപ്പവകാശവും ബി എം ഡബ്ല്യുവിന്റെ പക്കലുണ്ട്. 

ഭാവിയിൽ കൂടുതൽ വൈദ്യുത എസ് യു വികൾ പുറത്തിറക്കുമെന്ന് എതിരാളികളായ ഔഡിയും ജഗ്വാറും മെഴ്സീഡിസ് ബെൻസുമൊക്കെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പേരുകൾക്ക് നേടിയ പകർപ്പവകാശം പരിഗണിക്കുമ്പോൾ ബി എം ഡബ്ല്യുവും ഈ രംഗത്ത് പ്രവർത്തനം ഊർജിതമാക്കുകയാണെന്നു വേണം കരുതാൻ.  അതേസമയം നിലവിലുള്ള എസ് യു വികളുടെ വൈദ്യുത പതിപ്പുകളാണോ അതോ പുതുതായി വികസിപ്പിച്ച വൈദ്യുത മോഡലുകളാണോ ബി എം ഡബ്ല്യു പുറത്തിറക്കുകയെന്ന് വ്യക്തമല്ല. 

ഇതുവരെ ഒറ്റ വൈദ്യുത എസ് യു വി വികസനപദ്ധതി മാത്രമാണു ബി എം ഡബ്ല്യു പ്രഖ്യാപിച്ചിട്ടുള്ളത്; ‘എക്സ് ത്രി’ അടിത്തറയാക്കുന്ന മലനീകരണ വിമുക്തമായ മോഡൽ വികസിപ്പിക്കുമെന്ന് 2016ലാണ് കമ്പനി ചെയർമാൻ ഹരാൾഡ് ക്രൂഗർ വെളിപ്പെടുത്തിയത്. ഔഡിയുടെ ‘ഇ ട്രോൺ’, ജഗ്വാറിന്റെ ‘ഐ പേസ്’, മെഴ്സീഡിസ് ബെൻസിന്റെ ‘ഇക്യു സി’ തുടങ്ങിയവയെ നേരിടാനാണ് ‘ഐ എക്സ് ത്രി’ എത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

എന്നാൽ ‘എക്സ് ത്രീ’ക്കു പുറമെ മറ്റു വൈദ്യുത എസ് യു വികളും ബി എം ഡബ്ല്യു ഗവേഷണശാലകളിൽ വികസന ഘട്ടത്തിലുണ്ടെന്ന് കഴിഞ്ഞ ഫ്രാങ്ക്ഫുർട് മോട്ടോർ ഷോയ്ക്കു മുന്നോടിയായി കമ്പനിയുടെ ഗവേഷണ വികസന വിഭാഗം മേധാവി ക്ലോസ് ഫ്രോലിച് വിശദീകരിച്ചിരുന്നു. ഐ ബ്രാൻഡിനായി നിലവിലുള്ള ഫ്രണ്ട് വീൽ, റിയർ വീൽ ഡ്രൈവ് ആർക്കിടെക്ചറുകൾ ആധാരമാക്കി രണ്ടു പുത്തൻ പ്ലാറ്റ്ഫോമുകൾ വികസിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇപ്പോഴത്തെ ‘ഫൈവ് സീരിസി’ന്റെയും ‘സെവൻ സീരീസി’ന്റെയും അടിത്തറയായ സി എൽ എ ആർ ആർക്കിടെക്ചറാണു റിയൽ വീൽ ഡ്രൈവ് ലേ ഔട്ടിലുള്ളത്. ഫ്രാങ്ക്ഫുർട്ടിൽ പ്രദർശിപ്പിച്ച ‘ഐ വിഷൻ ഡൈനമിക്സ്’ കൺസപ്റ്റിന് അഅടിത്തറയാവുന്നത് ഈ പ്ലാറ്റ്ഫോമായിരുന്നു. ഇതേ പ്ലാറ്റ്ഫോമിൽ ഓൾ വീൽ ഡ്രൈവും സാധ്യമാണെന്നാണു വിലയിരുത്തൽ.