Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ വാങ്ങിയ ഇ കാറുകൾ ഉദ്യോസ്ഥർക്ക് വേണ്ട

electric-car

ആദ്യത്തെ ആവേശം കഴിയുമ്പോൾ ബാറ്ററിയിൽ ഓടുന്ന കാറുകളോട് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കുള്ള അതൃപ്തി പ്രകടമാവുന്നു. കേന്ദ്ര സർക്കാർ ഓഫിസുകളിലെ ഉപയോഗത്തിനായി പൊതു മേഖല സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) വാങ്ങി നൽകിയയ മഹീന്ദ്ര ‘ഇ വെരിറ്റൊ’യുടെയും ടാറ്റ ‘ടിഗൊർ ഇ വി’യുടെയും പ്രകടനത്തിൽ ജീവനക്കാർ നിരാശരാണെന്നാണു റിപ്പോർട്ടുകൾ. പ്രകടനക്ഷമതയ്ക്കൊപ്പം കാറുകൾ വാഗ്ദാനം ചെയ്ത ദൂരം(റേഞ്ച്) പിന്നിടാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. 

ഓരോ തവണ ചാർജ് ചെയ്യുമ്പോഴും നഗരത്തിലെ യാത്രകളിൽ ‘ഇ വെരിറ്റൊ’യും ‘ടിഗൊർ ഇ വി’യും 80 — 82 കിലോമീറ്റർ പോലും ഓടുന്നില്ലെന്നാണ് ആക്ഷേപം. ഒറ്റത്തവണ ചാർജ് ചെയ്താൽ എയർ കണ്ടീഷനർ ഇല്ലാതെ 130 കിലോമീറ്ററിലേറെ ഓടണമെന്ന വ്യവസ്ഥയിലായിരുന്നു ഇ ഇ എസ് എൽ വൈദ്യുത കാറുകൾ വാങ്ങിയത്. ഇക്കാര്യം ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) സാക്ഷ്യപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇതോടൊപ്പം 13 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗം കൈവരിക്കണമെന്നും പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററിലേറെ വേണം തുടങ്ങിയ വ്യവസ്ഥകളും ഉൾപ്പെടുത്തിയിരുന്നു. 

ഈ വ്യവസ്ഥകൾ പാലിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ആദ്യഘട്ടത്തിൽ മഹീന്ദ്രയോട് 150 ‘ഇ വെരിറ്റോ’യും ടാറ്റ മോട്ടോഴ്സിനോട് 350 ‘ടിഗൊർ ഇ വി’യും വാങ്ങാനാണ് ഇ ഇ എസ് എൽ തീരുമാനിച്ചത്. അടുത്ത വർഷം 9,500 വൈദ്യുത കാർ കൂടി വാങ്ങാനും കേന്ദ്ര ഊർജ മന്ത്രാലയത്തിനു കീഴിലുള്ള ഇ ഇ എസ് എല്ലിനു പദ്ധതിയുണ്ട്.  അതേസമയം ആദ്യ ഘട്ടത്തിൽ വാങ്ങാൻ ലക്ഷ്യമിട്ട 500 വൈദ്യുത കാറിൽ 150 എണ്ണം മാത്രമാണ് ഇതുവരെ ലഭിച്ചതെന്ന് ഇ ഇ എസ് എൽ വെളിപ്പെടുത്തുന്നു. അടുത്ത മാസത്തോടെ ഡൽഹിയിലും ആന്ധ്ര പ്രദേശിലുമായി 200 — 250 വൈദ്യുത കാറുകൾ കൂടി ലഭ്യമാക്കാനാവുമെന്നാണ് ഇ ഇ എസ് എല്ലിന്റെ പ്രതീക്ഷ.