ഡൽഹിക്കു മാത്രമായി ബി എസ് ആറ് പറ്റില്ലെന്നു നിർമാതാക്കൾ

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന വാഹനങ്ങൾ 2020 ഏപ്രിലോടെ ഡൽഹിയിൽ വിൽപ്പനയ്ക്കെത്തിക്കുക ബുദ്ധിമുട്ടാണെന്നു വാഹന നിർമാതാക്കൾ. രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യാകെയും ഡൽഹി പ്രത്യേകിച്ചും രൂക്ഷമായ പരിസ്ഥിതി മലിനീകരണം പരിഗണിക്കുമ്പോൾ ഈ പ്രദേശത്ത് ബി എസ് ആറ് നിലവാരമുള്ള ഇന്ധനം അവതരിപ്പിക്കുന്നത് ശരിയായ നടപടിയാണെന്നും നിർമാതാക്കൾ അഭിപ്രായപ്പെടുന്നു. 

ഡൽഹിയിൽ ബി എസ് ആറ് നിലവാരമുള്ള ഇന്ധനങ്ങളുടെ വിൽപ്പന 2018 ഏപ്രിലോടെ തന്നെ ആരംഭിക്കാൻ ശ്രമിക്കുമെന്ന കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തോടു പ്രതികരിക്കുകയായിരുന്നു നിർമാതാക്കൾ.  എൻ സി ആറിലെ മലിനീകരണ ഭീഷണി ചെറുക്കാൻ സമഗ്രമായ നടപടികളാണ് ആവശ്യമെന്നും പഴയ വാഹനങ്ങൾ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങൾ സ്വീകരിക്കണമെന്നുമാണു നിർമാതാക്കളുടെ നിർദേശം. ഇന്ധന നിലവാരം ഉയർത്തുന്നത് ശരിയായ ദിശയിലുള്ള നടപടിയാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക അഭിപ്രായപ്പെട്ടു. 2020 ഏപ്രിലോടെ ബി എസ് ആറ് നിലവാരമുള്ള വാഹനങ്ങൾ പുറത്തിറക്കാൻ വിവിധ നിർമാതാക്കൾ തീവ്രശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഡൽഹിക്കു പുറമെ എൻ സി ആറിൽ 2019 ഏപ്രിൽ ഒന്നു മുതൽ പൂർണമായി തന്നെ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള ഇന്ധനം വിൽപ്പനയ്ക്കെത്തിക്കാനുള്ള സാധ്യത പരിശോധിക്കാനും എണ്ണ വിപണന കമ്പനികളോടു കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 2018ൽ ഡൽഹിക്കു മാത്രമായി ബി എസ് ആറ് നിലവാരമുള്ള വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിക്കുക സാധ്യമാവില്ലെന്ന് രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം) മുൻ പ്രസിഡന്റു കൂടിയായ ഗോയങ്ക വ്യക്തമാക്കിയത്. ബി എസ് ആറ് നിലവാരമുള്ള വാഹനങ്ങളിൽ ബി എസ് നാല് ഇന്ധനം ഉപയോഗിക്കാനാവില്ലെന്നതാണു പ്രധാന പ്രശ്നം. പോരെങ്കിൽ രാജ്യത്തെ മുൻനിര നിർമാതാക്കൾക്ക് ആർക്കും തന്നെ 2018 ഏപ്രിലോടെ ബി എസ് ആറ് നിലവാരമുള്ള വാഹനങ്ങൾ പുറത്തിറക്കാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സ്വന്തം കമ്പനിയായ മഹീന്ദ്ര തന്നെ 2020 ഏപ്രിലോടെ ഈ നിലവാരം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നൽകിയ മാർഗരേഖ പ്രകാരം 2020 ഏപ്രിലിലാണ് ബി എസ് ആറ് നിലവാരം കൈവരിക്കേണ്ടതെന്നു ‘സയാം’ ഡയറക്ടർ ജനറൽ വിഷ്ണു മാത്തൂർ ഓർമിപ്പിച്ചു. ഇതനുസരിച്ചുള്ള നടപടിക്രമങ്ങളാണു വിവിധ കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്. പെട്ടെന്ന് ബി എസ് ആറ് നടപ്പാക്കാനുള്ള സമയപരിധി 2018 ഏപ്രിലാക്കി മാറ്റാനാവില്ലെന്നും അദ്ദേഹം അഭിപ്രായാപ്പെട്ടു.