Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

800 സി സി ‘ഇയോണി’ന് തലവേദനയാവാൻ ബി എസ് ആറ്

Hyundai Eon Hyundai Eon

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം 2020 ഏപ്രിലിൽ നടപ്പാവുന്നതു 800 സി സി പെട്രോൾ എൻജിനുകൾക്കു വൻതിരിച്ചടി സൃഷ്ടിച്ചേക്കും. മലിനീകരണ നിയന്ത്രണത്തിലെ ഈ ഉന്നത നിലവാരം കൈവരിക്കാനാവാതെ ഹ്യുണ്ടേയിയുടെ എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ഇയോണി’ലെയും മറ്റും 800 സി സി എൻജിനുകൾ കളമൊഴിയാനാണു സാധ്യത. ഹ്യുണ്ടേയിയുടെ ഇന്ത്യയിലെ മോഡൽ ശ്രേണി ആരംഭിക്കുന്ന ‘ഇയോൺ’ രണ്ട് എൻജിനുകളോടെയാണു വിപണിയിലുള്ളത്: 56 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന 800 സി സി എപ്സിലോൺ എൻജിനും 69 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ഒരു ലീറ്റർ കാപ്പ എൻജിനും. വില കുറവാണെന്ന ആകർഷണം മൂലം 800 സി സി എൻജിനുള്ള ‘ഇയോൺ’ ആണു വിൽപ്പനയിൽ മുന്നിൽ.

എന്നാൽ കർശന മലിനീകരണ നിയന്ത്രണ നിബന്ധനകൾ 2020ൽ നിലവിൽ വരുന്നതോടെ ആ നിലവാരം കൈവരിക്കാൻ ‘ഇയോണി’ലെ എപ്സിലോൺ എൻജിനു സാധിക്കുമോ എന്ന കാര്യത്തിലാണ് ആശങ്ക. പോരെങ്കിൽ ഈ എൻജിന് ബി എസ് ആറ് നിലവാരം കൈവരിക്കാനാവശ്യമായ കനത്ത മുതൽമുടക്കിന് ഹ്യുണ്ടേയ് സന്നദ്ധമാവുമോ എന്ന ചോദ്യവും അവശേഷിക്കുന്നു. അതുകൊണ്ടുതന്നെ മൂന്നു വർഷത്തിനകം 800 സി സി എൻജിനുള്ള ‘ഇയോൺ’ വിൽപ്പന അവസാനിപ്പിക്കുക എന്ന എളുപ്പവഴിയാവും ഹ്യുണ്ടേയ് സ്വീകരിക്കുകയെന്നാണു സൂചന.

അതുപോലെ 2020 ആകുമ്പോഴേക്ക് ‘ഇയോണി’ൽ സമഗ്രമായ അഴിച്ചുപണിക്കും ഹ്യുണ്ടേയ് തയാറായേക്കും. പൂർണമായും പരിഷ്കരിച്ച ചെറുകാർ തിരിച്ചെത്തുന്നതു ചിലപ്പോൾ ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടേയിയുടെ ജൈത്രയാത്രയ്ക്കു തുടക്കമിട്ട ‘സാൻട്രോ’ ബാഡ്ജിങ്ങിലാവാനുമിടയുണ്ട്. വിപണി വാഴുന്ന ‘മാരുതി സുസുക്കി ഓൾട്ടോ’യോടു മത്സരിക്കാൻ 2011ലാണു 800 സി സി എൻജിനുമായി ഹ്യുണ്ടേയ് ‘ഇയോണി’നെ പടയ്ക്കിറക്കിയത്. പിന്നീട് കാറിന്റെ ഒരു ലീറ്റർ എൻജിനുള്ള വകഭേദവും കമ്പനി പുറത്തിറക്കി. നിലവിൽ ‘ഓൾട്ടോ’യ്ക്കു പുറമെ ‘ഇയോണി’നെ വെല്ലുവിളിക്കാൻ റെനോ ‘ക്വിഡും’ ഡാറ്റ്സൻ ‘റെഡിഗൊ’യും വിപണിയിലുണ്ട്.