ഒരു ബുള്ളറ്റിൽ 58 പേർ, ലോക റെക്കോർഡ് തിരുത്തിക്കുറിച്ച് ഇന്ത്യൻ ആർമി

Image Source: Twitter

റിപ്പബ്ലിക്ക് ദിന പരേഡിലെ ഇന്ത്യൻ ആർമിയുടെ ബുള്ളറ്റ് അഭ്യാസങ്ങൾ പലപ്പോഴും കാണികളെ ഞെട്ടിക്കാറുണ്ട്. ഡെയര്‍ ഡെവിള്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ ആര്‍മി ബൈക്ക് സ്റ്റണ്ടിങ് ടീമിന്റെ അഭ്യാസങ്ങള്‍ പലപ്പോഴും ആളുകളെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഒരു ബുള്ളറ്റിൽ 58 പേര കയറ്റിക്കൊണ്ട് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നു ഇന്ത്യൻ ആർമി. 

നേരത്തെ ഇന്ത്യൻ ആർമിയുടെ തന്നെ പേരിലുള്ള 56 പേർ എന്ന റെക്കോർഡാണ് തിരുത്തിക്കുറിച്ചത്. 60 പേരെ കയറ്റി റെക്കോർഡിടാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് 58 പേരെ കയറ്റിയത്. ബംഗളൂരുവിലെ യെലഹങ്ക എയർഫോഴ്സ് റൺവേയിലായിരുന്നു റെക്കോർഡ് ഓട്ടം നടന്നത്. ത്രിവർണ പതാകയുടെ നിറത്തിൽ വസ്ത്രം ധരിച്ചായിരുന്നു സൈനികരുടെ പ്രകടനം.

മേജർ ബണ്ണി ശർമ്മയുടെ മേൽനോട്ടത്തിൽ നടന്ന പ്രകടനത്തിൽ വാഹനമോടിച്ചത് സുബേദാർ രാംപാലിയിരുന്നു. 58 പേരെ വഹിച്ചുകൊണ്ട് ഏകദേശം 1.2 കിലോമീറ്റർ ദൂരം രാംപാൽ ബൈക്കോടിച്ചു. നേരത്തെ ബുള്ളറ്റിന്റെ സീറ്റില്‍ നിന്ന് ഏറ്റവുമധികം ദൂരം യാത്ര ചെയ്ത റെക്കോര്‍ഡും ഹാന്‍ഡില്‍ ബാറില്‍ ഇരുന്ന് ഏറ്റവുമധികം ദൂരം യാത്ര ചെയ്ത റെക്കോര്‍ഡും ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയിരുന്നു. ഇതുവരെ ഏകദേശം 19 ലോക റെക്കോർഡുകൾ ഇന്ത്യൻ ആർമിക്ക് സ്വന്തമായുണ്ട്.