ന്യൂയോർക്ക് മുതൽ ലണ്ടൻവരെയുള്ള ദൂരം റെക്കോർഡ് വേഗത്തിൽ യാത്ര ചെയ്ത് യാത്രാവിമാനം. 202 മൈൽ വേഗതയിൽ ലഭിച്ച കാറ്റിന്റെ സഹായത്തോടെയാണ് 5 മണിക്കൂർ 15 മിനിട്ട് കൊണ്ട് നോർവീജിയൻ ബോയിംഗ് 787–9 ഡ്രീംലൈനർ ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ നിന്ന് ഡ്രീലൈനർ ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് എത്തിയത്. മണിക്കൂറിൽ 776 മൈൽ (ഏകദേശം 1248 കി.മീ) വേഗം കൈവരിച്ച് അറ്റ്ലാന്റിക്കിന് കുറുകെ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന വിമാനം എന്ന റെക്കോർഡും ബോയിംഗ് 787–9 ഡ്രീംലൈനർ സ്വന്തമാക്കി.
അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിൽ വച്ച് ജെറ്റ് സ്ട്രീം സൃഷ്ടിച്ച അസാധാരണ വായു സമർദ്ദത്തിന്റെ ഫലമായാണ് സർവീസ് നിശ്ചയിച്ചതിലും നേരത്തേ എത്താനായത്. 284 യാത്രക്കാരുമായി 11.43ന് പുറപ്പെട്ട വിമാനം 9.52നാണ് എത്തിയത്. 53 മിനിട്ട് നേരത്തെയാണിത്. സാധാരണ ആറു മണിക്കൂറിലധികം സമയമെടുക്കുന്ന സഞ്ചാരപാതയാണിത്.
2015ൽ ഇതേ പാതയിൽ ഒരു യാത്രാവിമാനം 5 മണിക്കൂർ 16 മിനിട്ടിൽ സഞ്ചരിച്ച റെക്കോർഡാണ് ബോയിങ് 787–9 തകർത്തത്. "ഞങ്ങൾ അഞ്ചു മണിക്കൂറോളം മാത്രമാണ് ആകാശയാത്ര ചെയ്തത്, ഇടയ്ക്ക് എയർ ടർബുലൻസ് ഉണ്ടായിരുന്നില്ലെങ്കിൽ ഇതിലും വേഗത്തിൽ പറക്കാൻ കഴിയുമായിരുന്നുവെന്ന് ക്യാപ്റ്റൻ ഹാരോൾഡ് വാൻ ഡാം പറഞ്ഞു.
1996ൽ ഒരു ശബ്ദാതിവേഗ വിമാനം ഇതേദൂരം പിന്നിട്ടത് ഏകദേശം 2 മണിക്കൂർ 52 മിനിട്ട് 59 സെക്കൻഡ് കൊണ്ടാണെന്ന് പറയുമ്പോഴാണ് ഈ യാത്രയുടെ വേഗം മനസിലാക്കാനാകുക. ഇതേദൂരമാണ് നിരവധി യാത്രക്കാരുമായി ഒരു യാത്രാവിമാനം റെക്കോര്‍ഡ് വേഗത്തിൽ യാത്ര ചെയ്തത്.