സ്വപ്നങ്ങളില്ലാത്ത കുട്ടിക്കാലം ആർക്കുമുണ്ടാകില്ല. വലുതാകുമ്പോൾ പൈലറ്റാകണം, പൊലീസാകണം ടീച്ചറാകണം എന്നായിരിക്കും കുട്ടികളുടെ സ്വപ്നം. എന്നാൽ ചൈനീസ് സ്വദേശിയായ കർഷകൻ സ്ഹു യൂ കുട്ടിയായിരുന്നപ്പോൾ കണ്ട സ്വപ്നം മറ്റൊന്നായിരുന്നു. വലുതാകുമ്പോൾ ഒരു വിമാനം സ്വന്തമാക്കണം. ചെറിയ പ്രായത്തിൽ കണ്ട സ്വപ്നം ഇന്ന് സ്ഹു സാക്ഷാത്കരിച്ചിരിക്കുന്നു. ചെറിയൊരു മാറ്റം മാത്രം വിമാനം വാങ്ങാനുള്ള പണം തികയാത്തതുകൊണ്ട് ഒരു വിമാനം അങ്ങ് നിർമിച്ചു.
എയർബസ് എ 320 ന്റെ മാതൃകയിൽ നിർമിക്കുന്ന വിമാനത്തിന്റെ പണിപ്പുരയിലാണ് കഴിഞ്ഞ രണ്ടുവർഷമായി സ്ഹു. ഏകദേശം 2 കോടി രൂപ ഇതിനായി മുടക്കികഴിഞ്ഞു. വെറുതെ തോന്നിയപോലെയല്ല വിമാനം നിർമിക്കുന്നത് 1:1 അനുപാതത്തിൽ എ320 നേർമാതൃകയാണ് ഇത്. 124 അടി നീളവും 118 അടി വീതിയും 40 അടി ഉയരവുമുള്ള ഈ വിമാനം നിർമിക്കുന്നത് സ്ഹുയും 5 കൂട്ടുകാരും ചേർന്നാണ്.
വിമാനം സ്വന്തമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിച്ചുവെങ്കിലും ഒരിക്കലും പറപ്പിക്കാനാവില്ല എന്ന വിഷമം ബാക്കിയാകും. പൂർണമായും പണികഴിഞ്ഞതിന് ശേഷം വിമാനം ഹോട്ടലാക്കി മാറ്റാനായിരിക്കും സ്ഹു ശ്രമിക്കുക എന്നാണ് രാജ്യാന്തര പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.