സിനിമയിൽ മാത്രം കാണുന്ന കാര്യമാണ് വിമാനം മോഷ്ടിക്കുന്നത്. മോഷ്ടിച്ച വിമാനത്തിൽ കയറി നായകൻ രക്ഷപ്പെടുമ്പോൾ കഥ അവസാനിക്കും. എന്നാൽ ഇവിടെ കഥ തുടങ്ങിയത് വിമാനം മോഷ്ടിച്ചുകൊണ്ടല്ല. ഇത് സിനിമാ കഥയെ വെല്ലുന്ന ജീവിത കഥ. യുഎസിലെ യുട്ട എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്.
കഥയിലെ നായകന്മാർ (വില്ലന്മാർ) 14, 15 വയസുള്ള ചെറിയ പയ്യന്മാരാണ്. സ്വകാര്യ എയർസ്ട്രിപ്പിൽ സൂക്ഷിച്ചിരുന്ന ചെറുവിമാനമാണ് ഈ വിരുതന്മാർ പറത്തികളിച്ചത്. ഗ്രൂപ്പ് ഹോം വിട്ടിറങ്ങിയ കൗമാരക്കാർ ഒരാഴ്ചയായി ജെൻസെനിലുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ വ്യാഴാഴ്ച ട്രാക്ടർ ഓടിച്ച് സ്വകാര്യ എയർസ്ട്രിപ്പിൽ കയറിയ ഇവർ ഇവിടെ പാർക്കുെചയ്തിരുന്ന രണ്ടു പേർക്ക് മാത്രം സഞ്ചരിക്കാവുന്ന സിംഗിൾ എൻജിൻ ചെറു വിമാനവുമായി കടന്നു കളഞ്ഞുവെന്ന് പൊലീസ് പറയുന്നു.
ഒരു മണിക്കൂറിന് ശേഷം ജെൻസെനിൽ നിന്ന് ഏകദേശം 32 മൈൽ ദൂരെയുള്ള വെർണലിലെ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഹൈവേയിലൂടെ താഴ്ന്നു പറന്ന വിമാനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷിച്ചത്. രണ്ടു കൗമാരക്കാരേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.