അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ താരമായിരുന്നു ട്രംപിന്റെ ആഡംബര വിമാനം. അത്യാഡംബരം നിറഞ്ഞ വിമാനത്തിലായിരുന്നു തിരഞ്ഞെടുപ്പ് സമയങ്ങളിലെ ട്രംപിന്റെ യാത്ര. ട്രംപ് ഫോഴ്സ് വൺ എന്നറിയപ്പെടുന്ന 100 ദശലക്ഷം ഡോളറിന്റെ വിമാനം ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ്. ഇത്തവണ അമേരിക്കൻ പ്രസിഡിന്റിനേയും വഹിച്ച് യാത്ര ചെയ്തു എന്ന പേരിലല്ല. ചെറിയൊരു അപകടത്തിൽ പേരിൽ.
ന്യൂയോർക്കിയ ലാഗാർഡിയ വിമാനത്താവളത്തിൽ വെച്ചാണ് അപകടം നടന്നത്. ബോംബാഡിയർ ഗ്ലോബൽ എക്സ്പ്രെസ് ചെറു വിമാനം പാർക്ക് ചെയ്യാൻ ശ്രമിക്കവേ ട്രംപിന്റെ വിമാനത്തിൽ ഇടുക്കുകയായിരുന്നു. ഇരു വിമാനങ്ങൾക്കും ചെറിയ കേടുപാടുകൾ സംഭിച്ചിട്ടുണ്ടെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെറു വിമാനത്തിൽ 3 ജീവനക്കാരുണ്ടായിരുന്നു. ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനെ തുടർന്ന് 2016 മുതൽ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു വിമാനം.
ട്രംപ് ഫോഴ്സ് വൺ
അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ട്രംപ് ഫോഴ്സ് വൺ എന്നാണ് സ്വകാര്യവിമാനത്തിന്റെ പേര്. ഏകദേശം 100 ദശലക്ഷം ഡോളർ (ഏകദേശം 696 കോടി) മുടക്കിയാണ് ട്രംപ് വിമാനം നിർമിച്ചിരിക്കുന്നത്. 224 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 757-200 എന്ന വിമാനമാണ് ട്രംപ് സ്വന്തം ആവശ്യത്തിനായി മോഡിഫൈ ചെയ്തത്. റോൾസ് റോയ്സ് എൻജിൻ ഘടിപ്പിച്ചിരിക്കുന്ന ട്രംപിന്റെ വിമാനം ലോകത്തിലെ ഏറ്റവും വേഗതയേറിയ പാസഞ്ചർ വിമാനങ്ങളിലൊന്നാണ്. 43 പേർക്കാണ് ട്രംപ് ഫോഴ്സ് വണ്ണിൽ സഞ്ചരിക്കാൻ സാധിക്കുക.
പറക്കുന്ന കൊട്ടാരമാണ് ട്രംപ് ഫോഴ്സ് വൺ. കിടപ്പുമുറി, ഡൈനിങ് റൂം, ഗസ്റ്റ് റൂം, ഓഫീസ് റൂം എന്നിവയുണ്ട് ഈ വിമാനത്തിൽ. 24 കാരറ്റ് സ്വർണ്ണം പൂശിയ സീറ്റ് ബെൽറ്റുകളാണ് വിമാനത്തിൽ. ട്രംപിന്റെ സ്വകാര്യ മുറി സ്വർണ്ണം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. കൂടാതെ ബാത്ത് റൂമിലെ പൈപ്പുകളും വാഷ്ബെയ്സിനുമെല്ലാം സ്വർണ്ണംകൊണ്ട് നിർമ്മിച്ചവയാണ്. സിനിമ കാണുന്നതിനായി 1000 സിനിമകൾ വരെ സ്റ്റോർ ചെയ്യാവുന്ന എന്റർടെൻമെന്റ് സിസ്റ്റവും 57 ഇഞ്ച് സ്ക്രീനുമുണ്ട്. ഹോളിവുഡിലെ തിയേറ്ററുകളെപ്പോലും കടത്തി വെട്ടുന്ന സൗണ്ട് സിസ്റ്റമാണ് വിമാനത്തിലുള്ളത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ 1991 ലാണ് ഈ വിമാനം നിർമ്മിക്കുന്നത്. 2011 ട്രംപ് അലനിൽ നിന്ന് വിമാനം വാങ്ങി സ്വന്തം താൽപര്യ പ്രകാരം മോഡിഫൈ ചെയ്യുകയായിരുന്നു. മണിക്കൂറിൽ ഏകദേശം 900 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വിമാനത്തിന് ഒറ്റയടിക്ക് ഏകദേശം 7080 കിലോമീറ്റർ വരെ സഞ്ചരിക്കാം.