ഓരോ 9 സെക്കൻഡിലും പുത്തൻ ‘ആക്ടീവ’

സ്കൂട്ടർ വിൽപ്പനയിൽ പുതുചരിത്രം രചിച്ച് ഹോണ്ടയുടെ ‘ആക്ടീവ’വീണ്ടും. വെറും ഏഴു മാസത്തിനകം 20 ലക്ഷം യൂണിറ്റ് വിൽപ്പന നേടിയാണ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ മുൻനിര പോരാളിയായ ‘ആക്ടീവ’ റെക്കോഡ് സൃഷ്ടിച്ചത്. ഇന്ത്യയിൽ 2001ൽ അരങ്ങേറ്റം കുറിച്ച ‘ആക്ടീവ’യ്ക്ക് വിൽപ്പനയിലെ ആദ്യ 20 ലക്ഷം പിന്നിടാൻ ഏഴു വർഷം കാത്തിരിക്കേണ്ടി വന്നു. എന്നാൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴു മാസക്കാലത്തിനിടെ മാത്രം 20,40,134 പേരാണു പുത്തൻ ‘ആക്ടീവ’ സ്വന്തമാക്കിയത്. അതായത് ഓരോ ഒൻപതു സെക്കൻഡിലും പുത്തൻ ‘ആക്ടീവ’ വിറ്റു പോകുന്നു.

ബജാജിന്റെ ‘ചേതക്കും’ മറ്റും കളമൊഴിഞ്ഞതോടെ വംശനാശ ഭീഷണിയിലായ ഇന്ത്യൻ സ്കൂട്ടർ വിപണിയെ ഒറ്റയ്ക്ക് ഉയിർത്തെഴുനേൽപ്പിച്ച് പുത്തൻ ഉയരങ്ങളിലെത്തിച്ചതിന്റെ ഖ്യാതിയാണ് ‘ആക്ടീവ’ സ്വന്തം പേരിൽ കുറിക്കുന്നത്. ഇന്ത്യൻ കുടുംബങ്ങളെ ഇത്രയേറെ ആഴത്തിൽ സ്വാധീനിച്ച ഇരുചക്രവാഹന മോഡലുകളും വേറെയുണ്ടായാവാനിടയില്ല. ‘ആക്ടീവ’യടക്കമുള്ള മോഡലുകളുടെ പ്രകടനമികവിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മാത്രം 52% വിൽപ്പന വളർച്ചയാണ് ഇന്ത്യൻ ഇരുചക്രവാഹന വ്യവസായം കൈവരിച്ചത്. 

ഇതേ കാലയളവിൽ ‘ആക്ടീവ’യുടെ വിൽപ്പനയിലെ വളർച്ചയാവട്ടെ 180% ആണ്; ഇതിനിടെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ഇരുചക്രവാഹനമായും ‘ആക്ടീവ’ മാറിയിരുന്നു. ഇന്ത്യൻ നിരത്തുകളെ വീണ്ടും സ്കൂട്ടറുകളുടെ ആധിപത്യത്തിലാക്കിയ ‘ആക്ടീവ’യുടെ വിൽപ്പനയിൽ വൻവർധനയാണു കടന്നു പോയ വർഷങ്ങൾ രേഖപ്പെടുത്തിയത്.  2012 — 13ൽ 7.30 ലക്ഷം ‘ആക്ടീവ’ വിറ്റത് 2017 — 18 പൂർത്തിയാവാൻ മാസങ്ങൾ ബാക്കി നിൽക്കെ തന്നെ 20 ലക്ഷത്തോളമായി ഉയർന്നു.

സ്കൂട്ടർ വിപണിയിലെ പുനഃരുജ്ജീവിപ്പിക്കുകയെന്ന അതിമോഹത്തോടെയാണ് 2001ൽ 102 സി സി എൻജിനോടെ ഹോണ്ട ഗീയർരഹിത സ്കൂട്ടറായ ‘ആക്ടീവ’ പടയ്ക്കിറക്കുന്നത്. ആദ്യ വർഷം 55,000 യൂണിറ്റ് വിൽപ്പന നേടിയ ‘ആക്ടീവ’ അടുത്ത മൂന്നു വർഷത്തിനിടെ സ്കൂട്ടർ വിഭാഗത്തിൽ നായകസ്ഥാനത്തെത്തി. 2005 ഡിസംബറോടെ ‘ആക്ടീവ’യുടെ മൊത്തം വിൽപ്പന 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. തുടർന്ന് 2012 ജൂണിൽ മൊത്തം വിൽപ്പന അര കോടിയും കവിഞ്ഞു. പക്ഷേ തുടർന്നുള്ള മൂന്നു വർഷത്തിനിടെ തകർപ്പന പ്രകടനത്തോടെ മുന്നേറിയ ‘ആക്ടീവ’യുടെ മൊത്ത വിൽപ്പന ഒരു കോടി യൂണിറ്റും പിന്നിട്ടു. 

കഴിഞ്ഞ വർഷമാവട്ടെ മോട്ടോർ സൈക്കിളുകളെ അട്ടിമറിച്ച് രാജ്യത്തെന്നല്ല, ലോകത്തു തന്നെ ഏറ്റവുമധികം വിൽപ്പനയുള്ള ഇരുചക്രവാഹന ബ്രാൻഡായും ‘ആക്ടീവ’ മാറി. ഇപ്പോഴാവട്ടെ 1.50 കോടി യൂണിറ്റ് വിൽപ്പന പിന്നിടുന്ന ആദ്യ ഓട്ടമാറ്റിക് സ്കൂട്ടറായും ‘ആക്ടീവ’ മാറുകയാണ്.