Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർണ പകിട്ടോടെ ‘ആക്ടീവ ഫോർ ജി’

activa-4g Matte Axis Grey Metallic

ജനപ്രിയ സ്കൂട്ടറായ ‘ആക്ടീവ’യ്ക്ക് മാറ്റ് ആക്സിസ് ഗ്രേ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) പുറത്തിറക്കി. വിലയിൽ മാറ്റമില്ലാതെയാണു ‘ആക്ടീവ’യ്ക്കു പുതിയ നിറം അവതരിപ്പിച്ചിരിക്കുന്നത്; 50,846 രൂപയാണു സ്കൂട്ടറിന്റെ ഷോറൂം വില. അതേസമയം പുത്തൻ നിറം അവതരിപ്പിച്ചതു സംബന്ധിച്ച് ഹോണ്ട ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. കമ്പനിയുടെ വെബ്സൈറ്റിലും ഇതു സംബന്ധിച്ച സൂചനകളില്ല.

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള എൻജിൻ സഹിതം ഇക്കൊല്ലം ആദ്യമാണ് ഹോണ്ട ‘2017 ആക്ടീവ ഫോർ ജി’ വിൽപ്പനയ്ക്കെത്തുന്നത്. പേര് സൂചിപ്പിക്കും പോലെ ‘ആക്ടീവ’യുടെ നാലാം തലമുറ മോഡലാണ് ‘ഫോർ ജി’; രാജ്യത്തു തന്നെ ഏറ്റവുമധികം വിൽപ്പനയുള്ള സ്കൂട്ടറുമാണ് ‘ആക്ടീവ ഫോർ ജി’. സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, 109 സി സി എൻജിനാണ് ‘ആക്ടീവ ഫോർ ജി’ക്കു കരുത്തേകുന്നത്; പരമാവധി എട്ട് ബി എച്ച് പി കരുത്തും ഒൻപത് എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പുതുതലമുറ ‘ആക്ടീവ’യിൽ സീറ്റിനടിയിലെ സ്റ്റോറേജ് ഭാഗത്ത് ഓപ്ഷനൽ വ്യവസ്ഥയിൽ യു എസ് ബി പോർട്ടും ലഭ്യമാക്കിയിട്ടുണ്ട്. കോംബി ബ്രേക്ക് സംവിധാനം(സി ബി എസ്), ഓട്ടോ ഹെഡ്ലാംപ്(എ എച്ച് ഒ) എന്നിവയും ‘ആക്ടീവ് ഫോർ ജി’യിലുണ്ട്.

കർണാടകത്തിലെ നരസാപുരയിലുള്ള  നിർമാണശാലയിൽ പുതിയ അസംബ്ലി ലൈൻ സ്ഥാപിച്ചതോടെ ആഗോളതലത്തിലെ തന്നെ ഹോണ്ടയുടെ ഏറ്റവും വലിയ ഉൽപ്പാദനകേന്ദ്രമായി ഈ ശാല മാറിയിരുന്നു. പ്രതിവർഷം 24 ലക്ഷം യൂണിറ്റാണ് ഈ ശാലയുടെ മൊത്തം ഉൽപ്പാദനശേഷി.