ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ 125 സി സി സ്കൂട്ടറായ ‘ഗ്രാസ്യ’യുടെ വിൽപ്പന രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടു..ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് 11 മാസത്തിനകമാണ് ‘ഗ്രാസ്യ’ ഈ നേട്ടം കൈവരിച്ചതെന്നും കമ്പനി അറിയിച്ചു.
യുവത്വം തുളുമ്പുന്ന പുതുമകളുടെയും ആധുനിക സൗകര്യങ്ങളുടെയും സമന്വയമാണു ‘ഗ്രാസ്യ’യെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേരിയ അഭിപ്രായപ്പെട്ടു. ആധുനിക രൂപകൽപ്പനയ്ക്കൊപ്പം തകർപ്പൻ പ്രകടനവും ‘ഗ്രാസ്യ’ വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റൽ ഇൻസ്ട്രമെന്റേഷൻ, മൂന്നു ഘട്ട ഇകോ സ്പീഡ് ഇൻഡിക്കേറ്റർ, എൽ ഇ ഡി ഹെഡ്ലാംപ് തുടങ്ങിയവയുമായി എത്തിയ ‘ഗ്രാസ്’യ്ക്കു മികച്ച വരവേൽപ്പാണ് വിപണി നൽകിയതെന്നും അദ്ദേഹം വിലയിരുത്തി.
അവതരണം കഴിഞ്ഞ് മൂന്നു മാസത്തിനകം തന്നെ അര ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കാൻ ‘ഗ്രാസ്യ’യ്ക്കു സാധിച്ചിരുന്നു. ഒപ്പം രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ആദ്യ 10 സ്കൂട്ടറുകളുടെ പട്ടികയിലും ‘ഗ്രാസ്’ ഇടം നേടി.
മൂന്നു വകഭേദങ്ങളിലാണു ‘ഗ്രാസ്യ’ വിപണിയിലുള്ളത്: അടിസ്ഥാന മോഡലിനു പുറമെ അലോയ് പതിപ്പും സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാമുള്ള ‘ഗ്രാസ്യ ഡി എൽ എക്സും’. രൂപകൽപ്പനയും അടിസ്ഥാന സൗകര്യങ്ങളും സമമമെങ്കിലും എൽ ഇ ഡി ഹെഡ്ലാംപ്, മുൻഡിസ്ക് ബ്രേക്ക്, കറുപ്പ് അലോയ് വീൽ, മുൻ ഗ്ലൗവ് ബോക്സിൽ യു എസ് ബി ചാർജർ തുടങ്ങിയവയൊക്കെ ‘ഡി എൽ എക്സി’നു മാത്രം അവകാശപ്പെട്ടതാണ്. ഇരട്ട വർണ സങ്കലനം, ഷാർപ് ലൈൻ എന്നിവയൊക്കെയായി ആകർഷക രൂപകൽപ്പനയാണു സ്കൂട്ടറിനായി ഹോണ്ട സ്വീകരിച്ചിരിക്കുന്നത്. സീറ്റിനു താഴെ 18 ലീറ്റർ സംഭരണ സ്ഥലം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, സീറ്റ് റിലീസ് ബട്ടൻ സഹിതം ഫോർ ഇൻ വൺ ലോക്ക്, ടെലിസ്കോപിക് മുൻ സസ്പെൻഷൻ, കോംബി ബ്രേക്ക് സംവിധാനം(സി ബി എസ്) എന്നിവയും സ്കൂട്ടറിലുണ്ട്.
‘ഗ്രാസ്യ’യ്ക്കു കരുത്തേകുന്നത് 124.9 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിനാണ്; പരമാവധി 8.52 ബി എച്ച് പി കരുത്തും 10.54 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ‘ആക്ടീവ 125’ സ്കൂട്ടറിലുള്ളതും ഇതേ എൻജിൻ തന്നെ. ‘വി മാറ്റിക്’ ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ‘ഗ്രാസ്യ’യുടേത്. ലീറ്ററിന് 50 കിലോമീറ്റർ വരെയാണ് ‘ഗ്രാസ്യ’യ്ക്ക് എച്ച് എം എസ് ഐ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പരമാവധി വേഗമാവട്ടെ മണിക്കൂറിൽ 85 കിലോമീറ്ററും. ‘ഗ്രാസ്യ’ ശ്രേണിയുടെ അടിസ്ഥാന വകഭേദത്തിനു ഡൽഹി ഷോറൂമിൽ 59,222 രൂപയാണു വില; ‘ഡി എൽ എക്സി’ന് 64,293 രൂപയും. ടി വി എസ് ‘എൻടോർക് 125’, സുസുക്കി ‘അക്സസ് 125’ തുടങ്ങിയവയോടാണ് ‘ഗ്രാസ്യ’യുടെ പോരാട്ടം.