ഇന്ത്യയിൽ നിന്ന് ഇതുവരെയുള്ള ഇരുചക്രവാഹന കയറ്റുമതി 20 ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ടു വീലേഴ്സ് ഇന്ത്യ. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച 2001ൽ തന്നെ ഹോണ്ട ഇരുചക്രവാഹന കയറ്റുമതിയും ആരംഭിച്ചിരുന്നു. തുടർന്ന് 14 വർഷം കൊണ്ടാണു ഹോണ്ടയുടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ആദ്യ 10 ലക്ഷത്തിലെത്തിയത്.
എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഹോണ്ട ആഗോളതലത്തിൽ അതിവേഗം കയറ്റുമതി വ്യാപിപ്പിക്കുകയായിരുന്നു. ഇതോടെ വെറും മൂന്നു വർഷത്തിനകം അടുത്ത 10 ലക്ഷം യൂണിറ്റിന്റെ കയറ്റുമതി പൂർത്തിയാക്കാനും കമ്പനിക്കായി.
കയറ്റുമതിയിൽ ത്രിമുഖ തന്ത്രമാണു കമ്പനി പയറ്റുന്നതെന്നു ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ വെളിപ്പെടുത്തി. പുത്തൻ മോഡൽ അവതരണങ്ങൾക്കും പുതിയ വിപണികളിലേക്കുള്ള പ്രവേശത്തിനുമൊപ്പം നിലവിലുള്ള വിപണികളിലെ പ്രകടനം മെച്ചപ്പെടുത്താനും ഹോണ്ട പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. ഈ ശ്രമങ്ങളുടെ ഫലമായാണ് ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതി ഇത്ര വേഗം 20 ലക്ഷത്തിലെത്തിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
ഏഷ്യ ഓഷ്യാനിയ, ലാറ്റിൻ അമേരിക്ക, മധ്യ പൂർവ മേഖല, യൂറോപ്പ് എന്നിവിടങ്ങളിലായി ഇരുപത്തി എട്ടോളം രാജ്യങ്ങളിലേക്കാണ് എച്ച് എം എസ് ഐ നിലവിൽ ഇരുചക്രവാഹനങ്ങൾ കയറ്റുമതി ചെയ്യുന്നത്