Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്രയുടെ ‘ഇ സ്കോർപിയൊ’ 2 വർഷത്തിനകം

Mahindra Scorpio Mahindra Scorpio

മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സ്കോർപിയൊ’യുടെ വൈദ്യുത പതിപ്പ് അവതരിപ്പിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഒരുങ്ങുന്നു. അവതരണത്തിനു മുന്നോടിയായി വൈദ്യുത ‘സ്കോർപിയൊ’യുടെ വിപുലമായ പരീക്ഷണ ഓട്ടമാണു നിലവിൽ പുരോഗമിക്കുന്നത്. രണ്ടു വർഷത്തിനകം ഈ ‘സ്കോർപിയൊ’ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന.

ഇന്ത്യയിലെ വൈദ്യുത വാഹന വിഭാഗത്തിൽ ആദ്യം ഇടംനേടി നേട്ടം കൊയ്യാനുള്ള തീവ്രശ്രമമാണ് മഹീന്ദ്ര നടത്തുന്നത്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ബാറ്ററിയിൽ ഓടുന്ന കൂടുതൽ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി തിടുക്കം കാട്ടുന്നതെന്നാണു സൂചന. ഇതിനായി ആഭ്യന്തര, വിദേശ വിപണികളിൽ നിലവിലുള്ള പങ്കാളികൾക്കൊപ്പം പുത്തൻ കൂട്ടുകെട്ടുകളിൽ ഏർപ്പെടാനും മഹീന്ദ്ര സവിശേഷ ശ്രദ്ധ പുലർത്തുന്നുണ്ട്.

രണ്ടു വർഷത്തിനകം രണ്ടു വൈദ്യുത കാറുകൾ വിൽപ്പനയ്ക്കെത്തിക്കുമെന്നു മഹീന്ദ്ര നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള മോഡലുകളുടെ വൈദ്യുത പതിപ്പുകളാണു കമ്പനി വികസിപ്പിക്കുന്നതെന്നാണു സൂചന. വൈദ്യുത വാഹന വിപണിയിലെ മേധാവിത്തത്തിനായി അടുത്ത അഞ്ചു വർഷത്തിനകം 4,000 കോടി രൂപയുടെ നിക്ഷേപവും മഹീന്ദ്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ 500 കോടിയോളം രൂപ മഹീന്ദ്ര ചെലവഴിച്ചു കഴിഞ്ഞെന്നാണു കണക്കുകൾ നൽകുന്ന സൂചന. 

ഇതോടൊപ്പം പുതു മോഡലുകൾക്കുള്ള വൈദ്യുത മോട്ടോർ, പവർ ഇലക്ട്രോണിക്സ് തുടങ്ങിയവയ്ക്കായി പുത്തൻ സഖ്യങ്ങളും മഹീന്ദ്ര തേടുന്നുണ്ട്. രാജ്യത്ത് 2030 മുതൽ വൈദ്യുത വാഹനങ്ങൾ മാത്രം വിൽപ്പനയ്ക്കെത്തിക്കുകയെന്ന ലക്ഷ്യം കേന്ദ്ര സർക്കാർ മുന്നോട്ടു വച്ചതോടെയാണ് ഈ മേഖല ഉണർന്നത്. 13 വർഷത്തിനപ്പുറമുള്ള വിപണിയുടെ ആവശ്യങ്ങൾ തിരിച്ചറിയാനും വെല്ലുവിളികൾ നേരിടാനുമുള്ള തീവ്രശ്രമത്തിനാണു വിവിധ നിർമാതാക്കൾ തുടക്കമിട്ടിരിക്കുന്നത്.

നിലവിൽ ‘ഇടുഒ പ്ലസ്’, ‘ഇ വെരിറ്റൊ’, ‘ഇ സുപ്രൊ’ എന്നിവയാണു മഹീന്ദ്ര ശ്രേണിയിലെ വൈദ്യുത മോഡലുകൾ. അടുത്ത വർഷത്തോടെ ‘കെ യു വി 100’ വൈദ്യുത വകഭേദം വിൽപ്പനയ്ക്കെത്തിക്കാനും മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. രണ്ടുവർഷത്തിനകം വൈദ്യുത വാഹന ഉൽപ്പാദനശേഷി പ്രതിവർഷം 60,000 യൂണിറ്റായി ഉയർത്താനും കമ്പനി ആലോചിക്കുന്നുണ്ട്.